സൂക്ഷിക്കുക, 'ബുദ്ധിജീവികള്‍' ദേഷ്യത്തിലാണ്....

m swaraj, poem saghav, kerala, m swaraj mla
-എം സ്വരാജ് ഇപ്പോള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സഖാവെന്ന കവിത കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് എനിക്കയച്ചു തന്നത്. കാമ്പസുകളാകെ ഈ കവിത ഏറ്റു പാടുന്നതായാണ് അറിയുന്നത്. കുരീപ്പുഴയുടെ 'ജെസ്സി' പോലെ ഈ കവിതയും ക്യാമ്പസില്‍ വേരുകളാഴ്ത്തി ആകാശത്തിന്റെ അപാര വിസ്തൃതിയിലേക്ക് ശിരസുയര്‍ത്തി നില്‍ക്കുന്ന മഹാ വൃക്ഷമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഹൃദയത്തെ തൊടുന്നതാണ് ആ കവിത. ഹൃദയം കൊണ്ടെഴുതിയതാണ് ആ കവിത. കവിത ചൊല്ലിയ പെണ്‍കുട്ടി ആ കവിതയുടെ ഭാവത്തെ ഹൃദ്യമായിത്തന്നെ ആവിഷ്‌കരിച്ചു. വളച്ചുകെട്ടലുകളില്ലാതെ പറയട്ടെ എനിക്കേറെ ഇഷ്ടമായി. എന്നാല്‍ കവിതയെക്കുറിച്ച് ചില 'ബുദ്ധിജീവികള്‍ ' എഴുതിയ ഹിമാലയന്‍ നിരൂപണങ്ങള്‍ ഭയാനകമെന്നു പറയാതെ വയ്യ . വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമയുന്ന മാന്യന്മാരും, വിപ്ലവമെന്നു കേള്‍ക്കുമ്പോള്‍ തന്നെ അജീര്‍ണം വരുന്നവരും പക്ഷെ ഇവിടെ കൈ കോര്‍ത്തു പിടിച്ച് ആക്രോശിക്കുന്നു ... രോഷം കൊള്ളുന്നു .... നിലവിളിക്കുന്നു. .... പൈങ്കിളി ... പൈങ്കിളി... എന്ന് വിലപിക്കുന്നു. ഈ കവിതയില്‍ വിപ്ലവം പോര. കനല്‍, കത്തി, ചോര തുടങ്ങിയ വാക്കുകളില്ലാത്തതിനാല്‍ മൂര്‍ച്ചയില്ല . സാമൂഹ്യ പ്രതിബദ്ധതയില്ല . ചുരുങ്ങിയ പക്ഷം പീത പുഷ്പങ്ങള്‍ എന്നത് രക്തപുഷ്പമെന്നെങ്കിലും ആക്കാമായിരുന്നു..... എന്ന സ്‌റ്റൈലിലാണ് പണ്ഡിതരുടെ വിമര്‍ശനം. മരണക്കിടക്കയില്‍ വെച്ച് കാറല്‍ മാര്‍ക്‌സ് ആവശ്യപ്പെട്ടത് ബിഥോവന്റെ ഒരു സിംഫണി കേള്‍ക്കണമെന്നായിരുന്നു. ദാസ് കാപ്പിറ്റലിന്റെ ഒരു പാരഗ്രാഫ് വായിച്ചു കേള്‍ക്കണമെന്നായിരുന്നില്ല. അക്കാരണം കൊണ്ട് 'യാഥാര്‍ത്ഥ വിച്ചവ സിംഹങ്ങള്‍' മാര്‍ക്‌സിന് വിപ്ലവം പോരെന്ന് തീര്‍പ്പാക്കുകയും അദ്ദേഹത്തെ മരണാനന്തരം തൂക്കിലേറ്റാന്‍ വിധിക്കുകയും ചെയ്യുമോ ആവോ. 'A real revolutionery is guided by the strong feeling of Love ' എന്നെഴുതിയ ചെ ഗുവേരയ്ക്കും 'യഥാര്‍ത്ഥ വിപ്ലവകാരികള്‍' എന്തെങ്കിലും ശിക്ഷ വിധിക്കാതിരിക്കില്ല... ! ഒരു കഥ വായിക്കുമ്പോള്‍, ഒരു കവിത കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു സിനിമ കാണുമ്പോള്‍ ..... നമ്മുടെ മനസില്‍ സ്‌നേഹത്തിന്റെ , ആര്‍ദ്രതയുടെ , കാരുണ്യത്തിന്റെ, കരുതലിന്റെ, പ്രതീക്ഷയുടെ ... ഒക്കെ ചെറിയൊരു പ്രകാശം പരക്കുന്നുണ്ടെങ്കില്‍ അതാണ് ഉത്തമ സാഹിത്യവും കലയുമെന്ന് മനസിലാക്കാന്‍ ചിലര്‍ ഇനിയുമേറെ യാത്ര ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു.ഒരു കോളേജ് വിദ്യാര്‍ത്ഥി എഴുതി മറ്റൊരു കോളേജ് വിദ്യാര്‍ത്ഥിനി ചൊല്ലിയ ഒരു പത്തുവരി കവിത ചിലരെ ഇത്രമാത്രം അസ്വസ്ഥരും , നിദ്രാ വിഹീനരുമാക്കി മാറ്റിയെങ്കില്‍ അതാണ് ഈ കവിതയുടെ കരുത്ത്. വിമര്‍ശകരുടെ ബ്രഹ്മാണ്ഡ നിരൂപണങ്ങളെയും, ആക്ഷേപ സമാഹാരങ്ങളെയുമൊക്കെ സഹതാപത്തോടെ അവഗണിച്ചു കൊണ്ട് കേരളീയ കലാലയങ്ങള്‍ ഈ കവിത നെഞ്ചേറ്റുമെന്ന് എനിക്കുറപ്പാണ്. ഇത് ലോകത്തിലെ ഏറ്റവും മഹത്തായ കവിതയായതുകൊണ്ടല്ല. മറിച്ച് കേരളീയ കലാലയങ്ങളിലെ സര്‍ഗ്ഗാത്മകവും ക്ഷുഭിതവുമായ യൗവ്വനത്തെ ലളിതമായി, മിഴിവാര്‍ന്ന നിറങ്ങളാല്‍ ഹൃദയങ്ങളിലെഴുതി വെക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഈ കവിത കലാലയമേറ്റു പാടുന്നത്. സെമസ്റ്റര്‍ പരീക്ഷയുടെ കാലത്ത് കൊല്ലപ്പരീക്ഷ എന്നു കവിതയില്‍ പറയാന്‍ പാടുണ്ടോ എന്നൊക്കെ എഴുതാന്‍ ധൈര്യം കാണിച്ച പരമ പണ്ഡിതന്മാരെ പ്രത്യേക ഇനമായി കണ്ട് സംരക്ഷിക്കേണ്ടതാണ്. ഇപ്പോള്‍ പൂമരങ്ങള്‍ വെട്ടിക്കളയണമെന്ന് ആക്രോശിക്കുന്നവരും അവരുടെ മുന്‍ഗാമികളും എത്ര അദ്ധ്വാനിച്ചിട്ടും പൂക്കളും പൂക്കാലവും ബാക്കിയായെന്നോര്‍ക്കണം. വെട്ടേറ്റു വീണ പൂമരങ്ങളൊക്കെയും കുറ്റിയില്‍ നിന്നും തളിര്‍ത്തു വളരുമെന്നും കൊല്ലപ്പെട്ട ഓരോ കുട്ടിയില്‍ നിന്നും കണ്ണുകളുള്ള തോക്കുകള്‍ ജനിക്കുമെന്നും കാലം തെളിയിച്ചതാണ്. പൂമരങ്ങള്‍ വെട്ടാന്‍ കയ്യില്‍ കോടാലിയും കഴുത്തറുക്കാന്‍ കത്തിയും, വിഷം നിറച്ച പേനയുമായി കടന്നു വരുന്ന പരമ മാന്യന്മാരെ ഒരു നിമിഷം കണ്ണു തുറന്നൊന്നു നോക്കുക.... കാതോര്‍ക്കുക.... ഇലയും പൂവും മഴയും കാറ്റും കിളിയും വാക്കും എല്ലാമെല്ലാം കാമ്പസിലുണ്ട് . നെഞ്ചുയര്‍ത്തി നിന്ന നേരുകളും , തലകുനിക്കാത്ത നിഷേധികളും, ജയിലിലായ പോരാളികളുമുണ്ട് ..... അവിടങ്ങളില്‍ കവിതകള്‍ പിറന്നില്ലെങ്കില്‍ പിന്നെവിടെയാണതു പിറക്കുക ....?

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)