നാസിക്രൂരതകളുടെ പച്ചയായ മുഖം ലോകത്തിന് മുന്നിലെത്തിച്ചവരില്‍ പ്രധാന പങ്ക് വഹിച്ച ഒരാളായിരുന്നു ആന്‍ ഫ്രാങ്ക്. ആനും ആനിന്റെ ഡയറിയും ചരിത്രത്തിലുണ്ടാക്കിയ പ്രകമ്പനത്തിന് പകരം വയ്ക്കാന്‍ ഇതുവരെ മറ്റൊന്നിനും സാധിച്ചിട്ടില്ല. ഹിറ്റ്‌ലറുടെ നാസി ഭരണത്തിന് കീഴിലെ ജൂതരുടെ അവസ്ഥ ചോദിച്ചാല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ദുരിതം കൂടാതെ ഓര്‍മ വരിക ഒഴിവില്‍ കഴിഞ്ഞ നാളത്തെ ഫ്രാങ്ക് കുടുംബത്തിന്റെ ജീവിതവും കൂടിയാവും.
75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ജൂണ്‍ 25നാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി ആദ്യമായി ലോകം കണ്ടത്. 1947ല്‍ ഡയറി ഓഫ് എ യങ് ഗേള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പുകള്‍ മലയാളമുള്‍പ്പടെ നിരവധി ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടു.
ഡച്ച് പ്രവാസി ഗവണ്മെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ഒരിക്കൽ ലണ്ടനിൽ നിന്ന് നടത്തിയ റേഡിയോപ്രക്ഷേപണത്തിൽ ജർമ്മൻ അധീനതയിൽ തങ്ങൾ അനുഭവിക്കുന്ന യാതനകൾ കുറിച്ചുവയ്ക്കാൻ തന്റെ നാട്ടുകാരോട് അഭ്യര്‍ഥിച്ചിരുന്നു. യുദ്ധാനന്തരം അത് പ്രസിദ്ധപ്പെടുത്തുമെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. ഈ അറിയിപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തന്റെ വികാരങ്ങളും വിചാരങ്ങളും കിറ്റി എന്ന് പേരിട്ട ഡയറിയുമായി പങ്ക് വയ്ക്കാന്‍ ആന്‍ തീരുമാനിച്ചു. ലോകമനസാക്ഷിയെ പിടിച്ചുലക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ പിറക്കുന്നത് അങ്ങനെയാണ്.
ജർമനിയിലെ ഫ്രാങ്ക്‌ഫെർട്ടിലെ ഒരു പുരാതന ജൂതകുടുംബത്തിൽ 1929 ജൂൺ 12നായിരുന്നു ആനിന്റെ ജനനം. പിതാവ് ഓട്ടോ ഫ്രാങ്ക് ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. മാതാവ് എഡിത്ത് ഫ്രാങ്ക് വീട്ടമ്മയും. മാര്‍ഗോട്ട് ഫ്രാങ്കായിരുന്നു ഏക സഹോദരി. 1933-ൽ ജർമനിയിൽ നാസി പാർട്ടി ശക്തി പ്രാപിക്കുകയും, ജൂതവിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ഓട്ടോ ഫ്രാങ്കിന്റെ ബാങ്ക് നഷ്ടത്തിലായി. വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ സഹിക്കാനാവാതെ കുടുംബത്തോടൊപ്പം നെതർലന്റിലേക്കു പോകാൻ അദ്ദേഹം നിർബന്ധിതനായി.
1934-ൽ, തന്റെ അഞ്ചാം വയസ്സിൽ ആൻ ഫ്രാങ്ക് കുടുംബത്തിനൊപ്പം നെതർലന്റിലെത്തി. 1933 മുതൽ 1939 വരെ ജർമനിയിൽ നിന്നും പലായനം ചെയ്ത 300,000 ജൂതകുടുംബങ്ങളിൽ ഒന്നുമാത്രമായിരുന്നു ഫ്രാങ്ക് കുടുംബം. ഓട്ടോ ഫ്രാങ്ക് ആംസ്റ്റർഡാമിൽ ഒരു ജാം നിർമ്മാണക്കമ്പനി ആരംഭിച്ചു. 1940 മെയ് 10-ന് ജർമൻ പട്ടാളം നെതർലന്റിലെത്തുന്നതു വരെ ആ കൊച്ചു കുടുംബം സന്തോഷകരമായി കഴിച്ചുകൂട്ടി. ആനും സഹോദരിയും വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. മാര്‍ഗോട്ട് ഗണിതത്തിൽ മികവു പുലർത്തിയപ്പോൾ ആനിനു താത്പര്യം സാഹിത്യത്തിലായിരുന്നു.
നെതർലന്റിലെ ജർമൻ ഭരണകൂടം ജൂതന്മാർ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആനിനും മാര്‍ഗോട്ടിനും ജൂതർക്കു മാത്രമുള്ള സ്കൂളിലേക്കു മാറേണ്ടി വന്നു. അതിനിടെ 1942 ജൂൺ 12-ന് അവളുടെ 13ആം ജന്മദിനത്തിൽ ഓട്ടോ ഫ്രാങ്ക് മകൾക്ക് ഒരു ഡയറി സമ്മാനിച്ചു. കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിൽ 1942 ജൂൺ മുതൽ അവൾ എഴുതിത്തുടങ്ങി. പിൽക്കാലത്ത് ചരിത്രം കുറിച്ച ആ ഡയറിക്കുറിപ്പുകളിൽ ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒളിത്താവളങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരു വംശത്തിന്റെ വേദനയുണ്ടായിരുന്നു.
തങ്ങള്‍ ഒളിച്ചുതാമസിക്കുന്ന സ്ഥലത്തിന്റെ വിശദമായ വിവരണമടക്കം തന്റെ ഡയറിയില്‍ ആന്‍ ഉള്‍പ്പെടുത്തിയിരുന്നു. പുറം ലോകത്തെ അറിയിക്കാതെ എങ്ങനെയാണ് ഏഴോളം പേര്‍ സീക്രട്ട് അനക്‌സ് എന്ന് ആന്‍ വിശേഷിപ്പിച്ച ഒളിത്താവളത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്നതെന്നും പാറിപ്പറന്ന് നടന്നിരുന്ന ഒരു കൗമാരക്കാരി മിണ്ടാതെ ഉരിയാടാതെ ജീവിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ എത്രത്തോളമാണെന്നുമൊക്കെ ആന്‍ തന്റെ ഡയറിയിലൂടെ വായനക്കാര്‍ക്ക് വ്യക്തമായി കാട്ടിക്കൊടുത്തു.
1944 ഓഗസ്റ്റ് നാലാം തീയതി ഗസ്റ്റപ്പോകള്‍ എന്നറിയപ്പെടുന്ന നാസി സംഘം ഒളിത്താവളത്തിലേക്ക് ഇരച്ചു കയറുമ്പോള്‍ പതിനഞ്ച് വയസ്സ് മാത്രമായിരുന്നു ആനിന് പ്രായം. കുത്തിനിറച്ച കന്നു കാലി വണ്ടിയില്‍ ആനിനെയും ഒളിത്താവളത്തിലെ മറ്റ് അന്തേവാസികളെയും ജര്‍മ്മന്‍ പട്ടാളക്കാര്‍ പോളണ്ടിലെ കുപ്രസിദ്ധ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായ ഓഷ്വിറ്റ്‌സിലേക്ക് കൊണ്ടുപോയി.
ഇവിടെ നിന്ന് സ്‌കാബീസ് എന്ന അസുഖബാധിതരായതോടെ ആനിനെയും മാര്‍ഗോട്ടിനെയും ബെര്‍ഗണ്‍ ബെല്‍സണ്‍ എന്ന മറ്റൊരു ക്യാമ്പിലേക്ക് മാറ്റി. ലേബര്‍ക്യാമ്പില്‍ വെച്ച് രോഗബാധിതരാകുന്നവരെ പാര്‍പ്പിക്കാനുള്ളതായിരുന്നു ബെര്‍ഗന്‍ ബെല്‍സണ്‍. ഇവിടെ വെച്ച് ടൈഫസ് മൂര്‍ച്ഛിച്ച് മാര്‍ഗോട്ട് ആനിന്റെ കണ്‍മുമ്പില്‍ വെച്ച് മരണമടഞ്ഞു. സഹോദരിയുടെ മരണം നേരില്‍ കണ്ടതോടെ ആന്‍ അതോടെ കാത്തു സൂക്ഷിച്ചിരുന്ന മനോധൈര്യമെല്ലാം ചോര്‍ന്നു പോയി. മാനസികമായി ആകെത്തകര്‍ന്ന ആന്‍ മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ആഴ്ചയില്‍ ലോകത്തോട് വിട പറഞ്ഞു. ഒളിത്താവളത്തില്‍ താമസിച്ചിരുന്നവരില്‍ ആനിന്റെ പിതാവ് ഓട്ടോ ഫ്രാങ്ക് മാത്രമാണ് രക്ഷപെട്ടത്. 1945 ജനുവരി 27ന് സോവിയറ്റ് സൈന്യം കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ മോചിപ്പിക്കുമ്പോള്‍ അദ്ദേഹം അസുഖബാധിതനായി ആശുപത്രിയിലായിരുന്നു.
ഇതിനിടെ ആനിനും കുടുംബത്തിനും വേണ്ടി പോലീസ് നടത്തിയ തിരച്ചിലില്‍ ഒളിത്താവളം കൊള്ളയടിയ്ക്കപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഓഫീസ് വൃത്തിയാക്കാനെത്തിയ ഒരാള്‍ നിലത്തു കിടന്നിരുന്ന പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ചില നോട്ടുബുക്കുകള്‍ കണ്ടെത്തി. ഈ ബുക്കുകളിലാണ് ആന്‍ തന്റെ ഡയറിയെഴുതിയിരുന്നത്. ഇയാളിത് ഫ്രാങ്ക് കുടുംബത്തെ സഹായിച്ചിരുന്ന മീപ്പ്, എല്ലി എന്ന പെണ്‍കുട്ടികള്‍ക്ക് കൈമാറി. യുദ്ധത്തിന് ശേഷം ആനിന്റെ അച്ഛന്‍ ഓട്ടോ ഫ്രാങ്ക് തിരിച്ചെത്തുന്നത് വരെ ഇവരാണ് കുറുപ്പുകള്‍ സൂക്ഷിച്ചത്. മകളുടെ കുറിപ്പുകള്‍ ലോകം കാണണമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ ഇദ്ദേഹമാണ് ഡയറി പ്രസിദ്ധീകരിക്കാന്‍ മുന്‍കയ്യെടുക്കുന്നത്. അങ്ങനെ 1947ല്‍ ആനിന്റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
ലോകമനസാക്ഷിയെ പിടിച്ചുകുലുക്കിയ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചതിന്റെ 75ാം വാര്‍ഷികത്തില്‍ ആന്‍ഫ്രാങ്കിന് ലോകമൊന്നടങ്കം ആദരമര്‍പ്പിച്ചിരിക്കുകയാണ് ഇന്ന്. ആന്‍ഫ്രാങ്ക് ഡയറിയില്‍ കുറിച്ച ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ഉള്‍പ്പെടുത്തി ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിളിന്റെ ആദരം.