ന്യൂയോര്‍ക്ക് : യുഎസ് നാണയത്തില്‍ ഇടം പിടിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി കവയിത്രിയും ആക്ടിവിസ്റ്റുമായ മായ ആഞ്ചലോ. തിങ്കളാഴ്ച യുഎസ് ട്രഷറി വകുപ്പായ യുഎസ് മിന്റ് പുറത്തിറക്കിയ പുതിയ നാണയത്തിലാണ് ആഞ്ചലോയുടെ ചിത്രം മുദ്രണം ചെയ്തിരിക്കുന്നത്.
നാണയങ്ങളുടെ കയറ്റുമതി ആരംഭിച്ചതായി ട്രഷറി അറിയിച്ചു. 25 സെന്റിന്റെ നാണയത്തിലാണ് ചിത്രമുള്ളത്. ആഞ്ചലോയുടെ ഏറ്റവും പ്രസിദ്ധമായ ഐ നോ വൈ ദ കേജ്ഡ് ബേര്‍ഡ് സിങ് എന്ന കൃതിയോടുള്ള ആദരസൂചകമായാണ് നാണയത്തില്‍ ചിത്രം മുദ്രണം ചെയ്തിരിക്കുന്നത്. 2022ലെ ഓരോ നാണയവും അമേരിക്കയുടെ ചരിത്രം അടയാളപ്പെടുത്തുന്നത് കൂടിയാവണം എന്നും ചരിത്രത്തിലെ പ്രമുഖരായി സ്ത്രീരത്നങ്ങളെ അടയാളപ്പെടുത്തിയ നാണയങ്ങള്‍ പുറത്തിറക്കുന്നതില്‍ അഭിമാനിക്കുന്നു എന്നും യുഎസ് മിന്റ് സെക്രട്ടറി ജാനറ്റ് യെല്ലന് പറഞ്ഞു.
അമേരിക്കന്‍ ചരിത്രത്തിലെ പ്രമുഖ വനിതകളുടെ ചിത്രം മുദ്രണം ചെയ്ത നാണയം പുറത്തിറക്കാന്‍ യുഎസ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് തീരുമാനിക്കുന്നത്. ഒരു വര്‍ഷം നാല് പ്രമുഖ വനിതകളുടെ ചിത്രങ്ങള്‍ മുദ്രണം ചെയ്ത നാണയങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനം. ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കന്‍ വനിത സാലി റൈഡ്, ചൈനീസ്-അമേരിക്കന്‍ അഭിനേത്രി അന്ന മെയ് വോങ് തുടങ്ങിയവരുടെ പേരിലും ഈ വര്‍ഷം നാണയങ്ങളിറക്കും.
1928ല്‍ മിസ്സോറിയില്‍ ജനിച്ച ആഞ്ചലോ പൗരാവകാശ പ്രവര്‍ത്തക, ഗായിക, അഭിനേത്രി, നാടകകൃത്ത്, സിനിമാ സംവിധായിക, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ്. മാര്ട്ടിന് ലൂഥര്‍ കിങ്ങിനൊപ്പം ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതാവിഷ്കാരത്തിന് ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്ത on the pulse of morning എന്ന കവിത പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ മായ ആലപിച്ചിരുന്നു. 2014നാണ് മായ ആഞ്ചലോ അന്തരിക്കുന്നത്.
Discussion about this post