ഓജോ ബോര്‍ഡ് എന്ന കഥയിലെ ഭാവനയിലൂടെ വായനക്കാരെ പേടിപ്പിക്കുകയും ഒപ്പം ഹരം കൊള്ളിക്കുകയും ചെയ്ത യുവ എഴുത്തുകാരനാണ് അഖില്‍ ധര്‍മ്മജന്‍ . അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് ‘മെര്‍ക്കുറി ഐലന്‍ഡ്’.
എന്നാല്‍ ഇപ്പോള്‍ ഈ എഴുത്തുകാരന്‍ വലിയൊരു പ്രതിസന്ധിയിലാണ്. അഖിലിന്റെ ഏഴ് വര്‍ഷത്തെ അധ്വാനമായ രണ്ടാമത്തെ കൃതി ‘മെര്‍ക്കുറി ഐലന്‍ഡ്’ ടെലിഗ്രാമിലും വാട്‌സാപ്പിലും വ്യാജ പതിപ്പുകളിലായി പ്രചരിക്കുകയാണ്.
തുടക്കത്തില്‍ പുസ്തകം ഇറക്കാന്‍ പണമില്ലാതെ പ്രസിദ്ധീകരിക്കാന്‍ ഒരു കമ്പനിയില്ലാതെ തന്റെ സ്വപ്നം മുഴുവന്‍ നെഞ്ചോട് ചേര്‍ത്ത അഖില്‍ പിന്നീടത് സ്വന്തം പേരില്‍ പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങിയാണ് ജനങ്ങളിലേക്ക് എത്തിയത്. കടകളില്‍ പുസ്തകം വെക്കാന്‍ അധിക സംഖ്യ ആവശ്യപ്പെട്ടപ്പോള്‍ തലചുമടൊടെ തന്നെ ആവശ്യക്കാരായ വായനക്കാര്‍ക്ക് അഖില്‍ എത്തിച്ചു. മുഖ്യധാരയിലെ എല്ലാ വിധ വിധികളും എതിരായപ്പോള്‍ സ്വന്തം ഇച്ഛാ ശക്തി കൊണ്ട് തോല്‍പ്പിച്ച കഥയാണ് അഖിലിന് പറയാനുള്ളത്. തന്റെ രണ്ട് കൃതികളും ആമസോണിന്റെ ഹിറ്റ് ചാര്‍ട്ടില്‍ നമ്പര്‍ വണ്ണായിട്ടായിരുന്നു അഖില്‍ തന്റെ പ്രതിഭ അടയാളപ്പെടുത്തിയത്.
ഇങ്ങനൊരു എഴുത്തുകാരനാണ് ഈ ഒരവസ്ഥ വന്നിരിക്കുന്നത്. എഴുത്തിനെ സ്‌നേഹിക്കുന്നവരാരും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കില്ലെന്ന് വിശ്വസിക്കുകയാണ് ഇപ്പോള്‍ ഈ എഴുത്തുകാരന്‍.