കവര്‍ച്ച ലക്ഷ്യമാക്കിയല്ല, മാനഭംഗ ശ്രമവുമുണ്ടായിട്ടില്ല പിന്നെ എന്തിന്..? ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് പോലീസ്

liga's death

വിഴിഞ്ഞം: വിദേശവനിത ലിഗയുടെ മരണം ആത്മഹത്യയെന്ന് ആവര്‍ത്തിച്ചിരുന്ന പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പുറത്തുവന്നതോടെ ചുവട്മാറ്റി. കൊലപാതക സാദ്ധ്യത മുന്‍നിര്‍ത്തി അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മൃതദേഹം കാണപ്പെട്ട കോവളം വാഴമുട്ടത്തെ കണ്ടല്‍കാട് പ്രദേശമായ ചെന്തിലാക്കരിയില്‍ ഉള്‍പ്പെടെ പതിവായി എത്തുന്ന ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

അതേസമയം അന്വേഷണം മുറുകിയതോടെ പ്രദേശവാസികളും മയക്കുമരുന്ന് ഇടപാടുകാരുമായ രണ്ട് യുവാക്കള്‍ പ്രദേശത്ത് നിന്ന് അപ്രത്യക്ഷരായി. ഇവരുടെ തിരോധാനത്തിന് ലിഗയുടെ മരണവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്ന് ലഭിച്ച സൂചനകളില്‍ വിഷാംശം ഉള്ളില്‍ചെന്ന് മരണം സംഭവിച്ചെന്നാണ് പോലീസ് കരുതിയിരുന്നത്. അതാണ് ആത്മഹത്യ എന്ന രീതിയില്‍ പോലീസ് പറഞ്ഞത്. എന്നാല്‍, രാസ പരിശോധനാഫലം പുറത്തായതോടെയാണ് ലിഗയെ കൊലപ്പെടുത്താനുള്ള സാദ്ധ്യതകള്‍ പോലീസ് ആരായുന്നത്.

ശ്വാസം മുട്ടിയാണ് മരണമെന്ന് ഉറപ്പിച്ചെങ്കിലും കൃത്യത്തിന് പിന്നിലാരാണെന്ന് കണ്ടെത്താന് പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ ഭാഗമായി പനത്തുറ പുനംതുരുത്തിലെ ചെന്തിലാക്കരിയിലേക്കുള്ള വഴിയിലും കടത്തുകടവിലും താമസിക്കുന്നവരേയും കയര്‍ തൊഴിലാളികളേയും പൊലീസ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. ചീട്ടുകളിക്കാനും മറ്റും ചെന്തിലക്കരിയില്‍ വരാറുള്ള ഏതാനും യുവാക്കളെ പോലീസ് കഴിഞ്ഞദിവസങ്ങളില്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും ശ്വാസം മുട്ടിയാണ് മരണമെന്ന റിപ്പോര്‍ട്ട് പുറത്തായതോടെ ഇവരെ വീണ്ടും വരുത്തി മൊഴിയെടുക്കുന്നുണ്ട്.

മൃതദേഹം കണ്ടെത്തിയ വിവരം പുറം ലോകത്തെ അറിയിച്ച മീന്‍പിടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ലിഗ കടവിലേക്ക് നടന്നുപോകുന്നതും കായലില്‍ കുളിക്കുന്നതും കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞിരുന്നുവെന്ന യുവാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരെയും വിശദമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലിഗയെ കണ്ട വിവരം ഇവര്‍ പൊലീസിനോട് നിഷേധിച്ചതായാണ് സൂചന.

ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. ഇവിടുത്തെ മയക്കുമരുന്ന്, മദ്യപാന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നേറുന്നത്. ചെന്തിലാക്കരിയ്ക്ക് എതിര്‍വശമുള്ള വെള്ളച്ചിറ മാറയെന്ന സ്ഥലവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സങ്കേതമാണ്. മയക്കുമരുന്ന് കുത്തിവയ്ക്കാനും മറ്റും നിരവധി പേര്‍ ക്യാമ്പ് ചെയ്യാറുള്ള ഇവിടെ ബീച്ചില്‍ നിന്നും വിദേശികളുള്‍പ്പെടെയുള്ളവരെ വശീകരിച്ചെത്തിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണവും നടന്നുവരികയാണ്.

വിഷാദ രോഗത്തിന് അടിമയായ ലിഗയെ കോവളം ബീച്ചില്‍ ചുറ്റിതിരിയുമ്പോഴോ ഏകയായി കാണപ്പെട്ടപ്പൊഴോ സൗഹൃദം നടിച്ചെത്തിയ ആരെങ്കിലുമാകാം ദുരുദ്ദേശത്തോടെ അവരെ വശീകരിച്ച് വിജനമായ പൂനംതുരുത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടെങ്കിലും അക്രമ സ്വഭാവമൊന്നും പ്രകടിപ്പിക്കാത്ത പ്രകൃതക്കാരിയായ ലിഗയെ കൊലപ്പെടുത്താനുള്ള കാരണമെന്താണെന്നത് പോലീസിന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ലിഗയുടെ പക്കല്‍ പണമോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. കവര്‍ച്ച ലക്ഷ്യമാക്കിയല്ല കൃത്യമെന്ന് ഇതില്‍ നിന്ന് ഊഹിക്കാം. ലിഗയുടെ ശരീരത്ത് പുറമേ പരിക്കുകളോ ഒടിവുകളോ കണ്ടെത്തിയിട്ടില്ല. മാനഭംഗ ശ്രമവുമുണ്ടായിട്ടില്ല. അപായപ്പെടുത്താനുള്ള ഇത്തരം സാദ്ധ്യതകളൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ ലിഗയെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിനാണ് പോലീസിന് ഉത്തരം കണ്ടെത്തേണ്ടത്. ഐജി മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)