വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തില്‍ ഇനി തുമ്പികളും. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) റെഡ് ലിസ്റ്റില്‍ തുമ്പികളെയും ഉള്‍പ്പെടുത്തി. ലോകത്താകമാനമുള്ള തുമ്പികളില്‍ വന്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് തീരുമാനം.
ആകെയുള്ള 6,016 തുമ്പി വര്‍ഗങ്ങളില്‍ പതിനാറ് ശതമാനവും വംശനാശ ഭീഷണിയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണേഷ്യയില്‍ കണ്ടെത്തിയിരിക്കുന്ന മൂന്നിലൊന്ന് തുമ്പികളും ഭീഷണിയിലാണ്. തുമ്പികളടക്കമുള്ള ജീവികള്‍ ശുദ്ധജലമുള്ള ആവാസവ്യവസ്ഥയെ സൂചിപ്പിക്കുന്നതിനാല്‍ യഥാര്‍ഥത്തില്‍ ഇവ ഭൂമിയുടെ നിലനില്‍പ്പിന്റെ അടയാളങ്ങളാണ്.
ഐയുസിഎന്നിന്റെ ചുവന്ന പട്ടികയില്‍ ആകെ 1.42 ലക്ഷം ജീവികളാണ് ഉള്ളത്. ഇവയില്‍ 40084 ജീവികളാണ് നിലവില്‍ വംശനാശ ഭീഷണി നേരിടുന്നത്.
ചതുപ്പ് പ്രദേശങ്ങളും പാടങ്ങളും നശിക്കുന്നതിനെത്തുടര്‍ന്നാണ് തുമ്പികളെപ്പോലുള്ള ജീവികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത്.ചതുപ്പ് നിലങ്ങളിലാണ് ഇവ പ്രത്യുത്പാദനം നടത്തുക. മനുഷ്യര്‍ക്കിവ ഉപയോഗശൂന്യമായി തോന്നുമെങ്കിലും ഭൂമിയില്‍ കണ്ടെത്തിയിട്ടുള്ള പത്തിലൊന്ന് ജീവികള്‍ക്കും ഇത് ആവാസവ്യവസ്ഥയാണ്. കൂടാതെ ഇവ വന്‍ തോതില്‍ കാര്‍ബണ്‍ ശേഖരണം നടത്തുകയും വന്‍ പ്രളയങ്ങളുള്‍പ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ തടഞ്ഞ് നിര്‍ത്തുകയും ചെയ്യുന്നുണ്ട്.