ബൂഡപെസ്റ്റ് : ഹംഗറിയില്‍ സ്വവര്‍ഗപ്രണയവും ലിംഗമാറ്റവും പ്രോത്സാഹിപ്പിക്കുന്ന പരസ്യചിത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും നിരോധിക്കാനുള്ള ബില്ല് അവതരിപ്പിച്ച് സര്‍ക്കാര്‍. പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇത്തരം കണ്ടന്റുകള്‍ ദോഷകരമായി ബാധിക്കും എന്ന വാദത്തെത്തുടര്ന്നാണിത്.
പീഡോഫീലിയ ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി കണക്കാക്കണമെന്ന ആവശ്യമുന്നയിക്കുന്ന ബില്ലിനൊപ്പമാണ് സ്വവര്‍ഗ്ഗപ്രണയം പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ നിരോധിക്കണമെന്ന നിര്‍ദേശവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ അശ്ളീല വീഡിയോകളോ സ്വവര്ഗ്ഗപ്രണയമോ ലിംഗമാറ്റമോ ആസ്പദമാക്കിയുള്ള ചിത്രങ്ങളോ കാണുന്നത് അവരെ ദോഷകരമായി ബാധിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.
ബില്ല് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള തിരിച്ചടിയാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേര് രംഗത്തെത്തി. 2013ല്‍ റഷ്യയില്‍ സ്വവര്‍ഗ്ഗപ്രണയം പ്രചരിപ്പിക്കുന്ന കണ്ടന്റുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകളോട് പുതിയ നിയമത്തെ താരതമ്യം ചെയ്തും പ്രതിഷേധമുയര്‍ന്നു.കഴിഞ്ഞ വര്‍ഷം ഹംഗേറിയന്‍ സര്‍ക്കാര്‍ ഇതേ രീതിയില്‍ ഗേ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് വണ്ടര്‍ലാന്‍ഡ് ഈസ് ഫോര്‍ എവരിവണ്‍ എന്ന ബുക്കിനും വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഹംഗറിയിലും അയല്‍രാജ്യമായ പോളണ്ടിലും സ്വവര്‍ഗ്ഗവിവാഹം നിയമവിരുദ്ധമാണ്.വിവാഹം സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമേ നടക്കാവൂ എന്നതാണ് ഇരു രാജ്യങ്ങളുടെയും വാദം. യൂറോപ്യന്‍ യൂണിയന് ചട്ടങ്ങളുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന കാരണത്താല്‍ ഇരു രാജ്യങ്ങളും യൂണിയന്റെ അന്വേഷണം നേരിടുകയാണ്.
Discussion about this post