ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ കണികകള്‍

saturn

ന്യൂയോര്‍ക്ക്: ഭൂമിക്കു പുറത്തു ജീവന്‍ ഉണ്ടെങ്കില്‍ അതു ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിലാണ്. ജീവനു സാധ്യത ഏറെ കല്പിക്കപ്പെട്ട ചൊവ്വയെ പിന്തള്ളിയാണ് ശനിയുടെ കുട്ടിച്ചന്ദ്രന്‍ ഈ പേരു നേടിയത്. അവിടെ ജൈവ തന്മാത്രകള്‍ ഉണ്ടെന്നു കണ്ടെത്തി.

അമേരിക്കന്‍ നാസായുടെ ബഹിരാകാശ പഠന ഉപഗ്രഹമായിരുന്ന കസീനിയുടെ ഗവേഷണങ്ങള്‍ വിശകലനം ചെയ്താണു പുതിയ നിഗമനം. 2005-ല്‍ എന്‍സെലാഡസില്‍നിന്നു തെറിച്ച മഞ്ഞുകഷണങ്ങളും നീരാവിയും മറ്റും കസീനി വിശകലനം ചെയ്തിരുന്നു.

ആ വിശകലനവും ചിത്രങ്ങളും യൂണിവേഴ്‌സിറ്റി ഓഫ് ഹൈഡല്‍ ബര്‍ഗ്, സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി അരഡസന്‍ സ്ഥാപനങ്ങള്‍ പരിശോധിക്കുകയും പഠിക്കുകയും ചെയ്തു. ഫ്രാങ്ക് പോസ്റ്റ് ബെര്‍ഗ്, നുസൈര്‍ ഖവാജ, ഹണ്ടര്‍ വെയ്റ്റ് തുടങ്ങിയവര്‍ നടത്തിയ പഠനങ്ങളുടെ ഫലം ശാസ്ത്രമാസികയായ നേച്ചര്‍ പ്രസിദ്ധീകരിച്ചു.

ശനിയുടെ ഉപഗ്രഹങ്ങളില്‍ വലുപ്പംകൊണ്ട് ആറാം സ്ഥാനമാണ് എന്‍സെലാഡസിനുള്ളത്. 505 കിലോമീറ്ററാണു വ്യാസം. മഞ്ഞുപാളിയാണ് ഈ കുട്ടിച്ചന്ദ്രന്റെ ബാഹ്യാവരണം. ഉള്ളില്‍ സമുദ്രം. കേന്ദ്രഭാഗത്തു പാറ.

എന്‍സെലാഡസിന്റെ മഞ്ഞുപാളികള്‍ക്കിടയിലൂടെ മഞ്ഞുകഷണങ്ങളും വെള്ളവും നീരാവിയും പുറത്തേക്കു തുപ്പാറുണ്ട്. കസീനി 2005-ല്‍ ഇങ്ങനെ വമിച്ചവ ശേഖരിച്ച് അതിലെ പ്രപഞ്ചധൂളി വിശ്ലേഷണ (സിഡിഎ) സംവിധാനവും മാസ് സ്‌പെക്ട്രോമീറ്ററും ഉപയോഗിച്ചു പഠിച്ചു. എന്‍സെലാഡസില്‍നിന്നുള്ള ധൂളിയും നീരാവിയും നിറഞ്ഞ ശനിയുടെ ഏഴാമത്തെ വലയവും കസീനി പഠനവിധേയമാക്കി.

കസീനി ഭൂമിയിലേക്കയച്ച പഠനഫലങ്ങള്‍ ജൈവ തന്മാത്രകളുടെ സാന്നിധ്യം ഉറപ്പാക്കി. സൗരയൂഥത്തില്‍ മറ്റൊരിടത്തും ഇത്ര വ്യക്തമായി ജൈവതന്മാത്രകള്‍ കണ്ടെത്തിയിട്ടില്ല. കുട്ടിച്ചന്ദ്രനോട് അടുത്തുള്ള ഈ വലയത്തിന്റെ ഉള്‍ഭാഗത്ത് ജൈവഘടകങ്ങള്‍ കൂടുതലുണ്ട്. ബാഹ്യഭാഗത്തു കുറവാണ്.

ഉപഗ്രഹത്തില്‍നിന്നു തുപ്പുന്ന ധൂളികളിലും അവയുണ്ട്. എന്‍സെലാഡസിലേക്കു മറ്റൊരു പഠനദൗത്യം അയയ്‌ക്കേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ഭൂമിയില്‍ അഗ്‌നിപര്‍വത ദ്വരങ്ങളില്‍ നടക്കുന്ന തരം രാസപ്രവര്‍ത്തനങ്ങളാകാം എന്‍സെലാഡസില്‍ നടക്കുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)