വിശ്വാസത്തിന്റെ വിലക്കയറ്റം ഒരു ലളിതാജി മോഡല്‍!

- ഫേവര്‍ ഫ്രാന്‍സിസ് ഞങ്ങളുടെ പരസ്യ കമ്പനിയില്‍ എത്തുന്ന ഓരോ ക്ലെയ്ന്റിനോടും ഞങ്ങള്‍ ആദ്യം പറയുന്ന ഒരു കാര്യമുണ്ട്. 'നിങ്ങള്‍ വലിയ തോതില്‍ പരസ്യങ്ങള്‍ ചെയ്യാതെയും വലിയ തുകകള്‍ പരസ്യ കാമ്പൈനുകള്‍ക്കായി മാറ്റി വെക്കാതെയും തന്നെ നിങ്ങള്‍ക്ക് നല്ല ബിസിനസ് നടക്കുന്നുണ്ട് എന്നത് ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ 100 ഉപഭോക്താക്കള്‍ വാങ്ങി നിങ്ങള്‍ക്ക് പതിനായിരം രൂപ കിട്ടുന്നതിനേക്കാള്‍ നല്ലതല്ലേ വെറും 10 ഉപഭോക്താക്കള്‍ മാത്രം വാങ്ങി അതെ തുകക്കുള്ള ബിസിനസ് നടക്കുന്നത്' സ്വാഭാവികമായും ക്ലെയ്ന്റ് അടുത്ത സംശയം ചോദിക്കും. 'ഞങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നവെരെല്ലാം സാധാരണക്കാരാണ്, വലിയ വിലക്കുള്ള ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ചാല്‍ അവര്‍ വാങ്ങില്ല.' സംശയത്തിന് ഉത്തരം ഒന്ന് മാത്രമാണ്. 'നിങ്ങള്‍ നല്കുന്ന ഉത്പന്നങ്ങള്‍ക്ക് അവര്‍ പതിവായി വാങ്ങിക്കുന്ന ഉത്പന്നങ്ങളേക്കാള്‍ ഗുണമേന്മ കൂടുതല്‍ ആണ് എന്ന് അവരെ വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍, ഇപ്പോള്‍ മുടക്കുന്നതിന്റെ ഇരട്ടി തുക അവര്‍ അതിനു വേണ്ടി ചെലവഴിക്കും, ആ വിശ്വാസം സൃഷ്ടിക്കല്‍ ആണ് ഞങ്ങളുടെ കമ്പനി നിങ്ങള്‍ക്ക് നല്‍കാന്‍ പോകുന്ന ഏറ്റവും വലിയ സേവനം.' ഇതേ കാരണം കൊണ്ട് തന്നെയാണ് ഗുണമേന്മയും വിശ്വാസവും ഒക്കെ പരസ്യക്കാരന്റെ പ്രിയ വാചകങ്ങള്‍ ആകുന്നതും. ഈ ഗുണമേന്മ വച്ചുള്ള ഞാണിന്‍ മേല്‍ കളിപരസ്യ രംഗം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ബാര്‍ട്ടര്‍ സമ്പ്രദായക്കാലത്തിനു ശേഷം ഉത്പന്നങ്ങള്‍ പണത്തിനു വിദൂര ദേശങ്ങളില്‍ വില്‍ക്കാന്‍ തുടങ്ങിയതോടെ തന്റെ ഉത്പന്നത്തെക്കുറിച്ച് ഉത്പാദകന്‍ നല്‍കിയിരുന്ന ആദ്യ സാക്ഷ്യപത്രങ്ങള്‍ (പ്രാചീന പരസ്യങ്ങള്‍) പോലും ഉയര്‍ത്തിക്കാണിച്ചിരുന്നത് 'നല്ല തവിട് കൊടുത്തു വളര്‍ത്തിയ പശുവിന്റെ പാല്' 'നല്ല മേല്‍ത്തരം കാലികളുടെ തുകലില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ചെരുപ്പുകള്‍' തുടങ്ങിയ ഗുണമേന്മാ വാദങ്ങളെയായിരുന്നു. ഇന്നും നമ്മള്‍ എന്തെങ്കിലും വാങ്ങിക്കാന്‍ കൂടുതല്‍ പണം ചെലവാക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കുറഞ്ഞ വിലയുള്ള ഉല്പന്നത്തെക്കാള്‍ നമ്മള്‍ വാങ്ങിക്കുന്നതിന് കൂടുതല്‍ ഗുണമേന്മ ഉണ്ട് എന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. ഈ വിശ്വാസം നേടിയെടുക്കുന്നതില്‍ വിജയിച്ചവരാണ് ഇന്ന് വിപണി ഭരിക്കുന്ന എല്ലാ മുന്‍നിര ബ്രാന്‍ഡുകളും. സസ്ത്തീ ചീസ് ഔര്‍ അച്ചീ ചീസ് ഗുണമേന്മാ ലേബലില്‍ വില കൂടിയ ഉത്പന്നം ഇന്ത്യന്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിച്ചതിന്റെ ഏറ്റവും മികച്ച ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് സര്‍ഫിന്റെത്. വില ഏറെ കൂടുതല്‍ ആണെങ്കിലും സര്‍ഫിനെ ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ ഒന്നാക്കി മാറ്റിയെടുത്തതിന്റെ പിന്നില്‍ ഇന്ത്യന്‍ ആഡ് ഗുരു എന്ന പേരിന്റെ ഒരേ ഒരു അവകാശി അലിഖ് പദംസീ അല്ലാതെ മറ്റാരുമല്ല. 1970 കളില്‍ പദംസീയുടെ നേതൃത്വത്തില്‍ സര്‍ഫിനായി നടത്തിയ കാമ്പൈന്‍ ആണ് ആദ്യമായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വില കുറഞ്ഞ ഉല്പന്നതിന്റെയും ഗുണമേന്മ ഉള്ള ഉല്പന്നതിന്റെയും വ്യത്യാസം മനസിലാക്കി കൊടുക്കുന്നത്. അക്കാലത്തു ഇന്ത്യയില്‍ സര്‍ഫിനു കടുത്ത ഭീഷണി ഉയര്‍ത്തിയ നിര്‍മ്മയെ കുറച്ചു കാലത്തെക്കെങ്കിലും പിന്നിലാക്കി ഇന്ത്യന്‍ വീട്ടമ്മമാരെക്കൊണ്ട് വാഷിംഗ് പൌഡര്‍ എന്നതിന് സര്‍ഫ് എന്ന് പറയിക്കാന്‍ കഴിഞ്ഞു പദംസിയുടെ ബുദ്ധിയില്‍ വിരിഞ്ഞ 'സസ്തി ചീസ് ഓര്‍ അച്ചീ ചീസ്' എന്ന പരസ്യ കാമ്പൈന്‍. 1959 ല്‍ ഇന്ത്യന്‍ വിപണിയില്‍ കാലുകുത്തിയത് മുതല്‍ ഏതാണ്ട് 1970 വരെ സര്‍ഫിനു പ്രതിയോഗികള്‍ എന്ന് പറയാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാന്‍. എന്നാല്‍ എഴുപതുകളില്‍ വളരെ കുറഞ്ഞ വിലക്ക് നിര്‍മ്മ തങ്ങളുടെ വാഷിംഗ് പൗഡര്‍ വിപണിയില്‍ ഇറക്കിയതോടെ ആദ്യമായി സര്‍ഫ് ശരിക്കും ഒന്ന് വിയര്‍ത്തു. സാധാരണക്കാരെ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ ആയിരുന്നു നിര്‍മ്മയുടേത്. അക്കാലത്ത് കത്തി നിന്നിരുന്നത് നിര്‍മ്മയുടെ എക്കാലത്തെയും പ്രശസ്ത പരസ്യങ്ങളില്‍ ഒന്നായ 'ഹേമ, രേഖ, ജയ ഓര്‍ സുഷമ, സബ് കി പസന്ത് ഹൈ നിര്‍മ്മ'യായിരുന്നു. ആ പ്രശസ്തമായ ജിംഗിള്‍ ഇപ്പോഴും വളരെയേറെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന റിംഗ് ടോണുകളില്‍ ഒന്നാണ്. സെലിബ്രിറ്റി മുഖങ്ങള്‍ ആയ ഹേമക്കും, രേഖക്കും, ജയക്കും സുഷമക്കും പ്രതിയോഗിയായി സര്‍ഫ് ഇറക്കിയത് വിവേകമതിയായ ഒരു വീട്ടമ്മയെ. ലളിത അഥവാ ലളിതാജി. സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പുള്ള, താന്‍ ചെലവഴിക്കുന്ന ഓരോ പൈസയുടെ മൂല്യം തിരിച്ചറിയുന്ന, താന്‍ വാങ്ങുന്ന ഓരോ ഉല്പന്നതിന്റെയും ഗുണമേന്മയെക്കുറിച്ച് ബോധവതിയായ വീട്ടമ്മ ഇവയെല്ലാമാണ് ലളിതാജിക്ക് പദംസി നല്‍കിയ ഗുണങ്ങള്‍. സര്‍ഫിന്റെ മൂന്നില്‍ ഒന്നു മാത്രം വിലക്ക് ലഭ്യമായിരുന്ന നിര്‍മയെ 'സാധാരണ പൗഡര്‍' എന്നാണ് ലളിതാജി വിശേഷിപ്പിച്ചത്. ആധാ കിലോ സര്‍ഫ് (അരക്കിലോ സര്‍ഫ്) ഒരു കിലോ സാധാരണ പൗഡറിന് തുല്യമാണെന്നായിരുന്നു ലളിതാജിയുടെ വാദം. വിചിത്രമാണ് ഈ വാദം എങ്കിലും കൂടിയ വിലക്ക് സര്‍ഫ് വാങ്ങിക്കുന്നവര്‍ക്കു വളരെ കുറച്ചു പൊടി മതി തുണികള്‍ അലക്കാനെന്നും തങ്ങള്‍ നല്‍കുന്ന അധികം തുക ഒരു നഷ്ടമാകില്ലെന്നും ഉപഭോക്താക്കളെ വിശ്വസിപ്പിക്കാന്‍ ലളിതാജിയിലൂടെ സര്‍ഫിനു കഴിഞ്ഞു. സര്‍ഫ് കീ ഘരീധാരി മേ ഹി സമജ്ധാരി ഹൈ 'സര്‍ഫ് വാങ്ങിക്കുന്നതിലാണ് ബുദ്ധി' എന്ന് ഏകദേശ തര്‍ജ്ജമ നടത്താവുന്ന ലളിതാജിയുടെ ഈ ഉപദേശമാണ് സര്‍ഫിനു ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത്. ഏതു വീട്ടമ്മയാണ് താന്‍ ബുദ്ധിമതിയല്ലെന്നു കരുതുന്നത്? എന്നാല്‍ സര്‍ഫിന്റെ ലളിതാജിയുടെ ആധിപത്യം അധികം കാലം തുടരാന്‍ നിര്‍മ അനുവദിച്ചില്ല. അധികം താമസിയാതെ തന്നെ നിര്‍മ്മയുടെ 'ദീപികാജി' അരങ്ങത്തെത്തി വീണ്ടും സര്‍ഫിനു ഭീഷണി ഉയര്‍ത്തി. നിര്‍മ്മ സൂപ്പര്‍ എന്ന ബ്രാന്‍ഡ് വില കൂടിയ പൗഡറുകളുടെ അതെ ഗുണവും വെണ്മയും നല്‍കാന്‍ പ്രാപ്തമാണെന്നു ദീപികാജി ഇന്ത്യന്‍ മിഡില്‍ ക്ലാസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ദീപികാജിയുടെ ഈ വരവ് വാഷിംഗ് പൗഡര്‍ രംഗത്ത് ഒരു പരസ്യയുദ്ധത്തിനു തന്നെ തുടക്കമിട്ടു. പക്ഷെ അന്തിമ വിജയം സര്‍ഫിനു തന്നെയായിരുന്നു. 1991 ല്‍ മറ്റൊരു അന്താരാഷ്ട്ര ഭീമന്‍ ആയ പ്രോക്ക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും വരെ വലിയ തോതിലുള്ള ഭീഷണികള്‍ ഒന്നും നേരിടാതെ ഇന്ത്യന്‍ വിപണി അടക്കി ഭരിക്കുക തന്നെ ചെയ്തു സര്‍ഫ്. ഹൈ ക്ലാസ്സ് ഉപഭോക്താക്കളെ ലക്ഷ്യമാക്കി പ്രൊക്ക്ടര്‍ ആന്‍ഡ് ഗാംബിള്‍ 'ഏരിയല്‍' എന്ന ബ്രാന്‍ഡ് പുറത്തിറക്കിയപ്പോള്‍ ഉടന്‍ തന്നെ 'സര്‍ഫ് എക്‌സല്‍' എന്ന ബ്രാന്‍ഡ് പുറത്തിറക്കി സര്‍ഫും ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. Favour Francis favourfrancis@gmail.com 09847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)