സ്വദേശി വല്‍ക്കരണം തിരിച്ചടിയാകുന്നു; കുവൈറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നു, ഫ്ളാറ്റുകള്‍ കാലി

kuwait nationalization, pravasi, real estate
കുവൈറ്റ്: സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി കുവൈറ്റില്‍ പ്രവാസികള്‍ക്കെതിരായ നിയന്ത്രണം ശക്തമാക്കിയത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാവുന്നതായി റിപ്പോര്‍ട്ട്. പ്രവാസികള്‍ കൂട്ടത്തോടെ രാജ്യം വിട്ടത് കാരണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ പ്രതിസന്ധി ആരംഭിച്ചതായി കുവൈറ്റ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ സെക്രട്ടറി ഖൈസ് അല്‍ ഗാനിം പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ താന്‍ ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2018ല്‍ കൂടുതല്‍ പ്രവാസികള്‍ രാജ്യം വിടുന്നതോടെ പ്രതിസന്ധി രൂക്ഷമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുവൈറ്റ് ഭരണകൂടം തൊഴില്‍ നിയമം കര്‍ശനമാക്കിയതോടെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നവരുടെയും മറ്റ് ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടി പോവുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്ന് നിരവധി താമസ സമുച്ഛയങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നകാര്യത്തില്‍ സംശയമില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളുകളെ പിരിച്ചുവിട്ടതും അവര്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങളുടെ കൂലി വര്‍ധിപ്പിച്ചതും പുതിയ നികുതി സമ്പ്രദായവുമാണ് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതച്ചെലവ് കൂടിയതോടെ കുടുംബ സമേതം താമസിച്ചിരുന്ന പലരും കുടുംബാംഗങ്ങളെ നാട്ടിലേക്കയച്ച് ബാച്ചിലര്‍ മുറികളിലേക്ക് താമസം മാറുകയാണ്. ഇതോടെ നിലവിലെ പ്രതിസന്ധി ഇരട്ടിയാവും. ഫ്ളാറ്റുകള്‍ ഒഴിവുവരുന്നതോടെ വാടക കുത്തനെ കുറയ്ക്കേണ്ട സ്ഥിതിയാണുണ്ടാവുകയെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ചെറിയ തോതിലെങ്കിലും ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)