ഇതാണ് കുഞ്ഞപ്പന്‍ ചേട്ടന്‍; 75 വര്‍ഷമായി ഒരേ സ്ഥാപനത്തില്‍ ജോലി; 97 വയസ്സുള്ള ഒരു കര്‍മ്മയോഗിയുടെ കഥ..

kottayam,kunjappan chettan,textile

പ്രായം ഒന്നിനും ഒരു തടസ്സമല്ല പ്രവര്‍ത്തിക്കാനുള്ള മനസ്സാണ് ഏറ്റവും പ്രധാനമെന്ന് തെളിയിച്ച ഒരു കര്‍മ്മയോഗിയുടെ ജീവിത കഥയാണ് ഇത്..

കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് വളരെ അടുത്ത് അറിയാവുന്ന ഒരാള്‍ പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിന്റെ പ്രവേശന കവാടം തുറന്ന് അകത്തു കയറുമ്പോള്‍ കാണുക, കാബിനില്‍ ഒരു കണക്കപ്പിള്ള ഇരിക്കുന്നതാണ് ഇന്നത്തെ ആള്‍ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കാഷ്യര്‍. ഒരു 'ചെറിയ വലിയ' മനുഷ്യന്‍ എന്നാണ് ആ 97കാരന്‍ അറിയപ്പെടുന്നത്.

ഒന്നും രണ്ടുമല്ല, കഴിഞ്ഞ 75 വര്‍ഷമായി അദ്ദേഹം ഈ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനാണ്. കേട്ടവരുടെ കണ്ണ് തള്ളിയല്ലെ..! അടുത്ത വിശേഷങ്ങളിലേക്കു കടക്കാം. ആരാണ് നമ്മുടെ കഥാനായകല്‍ എന്നറിയണ്ടേ....

1920 ഡിസംവര്‍ നാലിനായിരുന്നു കുഞ്ഞപ്പന്‍ ചേട്ടന്‍ എന്ന ആനക്കല്ല് താഴത്തുതകിടിയില്‍ ടിജെ ജോസഫിന്റെ ജനനം. പതിനെട്ടാമത്തെ വയസ്സില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് സ്‌കൂളില്‍ ലഭിച്ച അധ്യാപക ജോലി ഉപേക്ഷിച്ചാണ് 20 ാം വയസ്സില്‍ പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സില്‍ ജോലിക്കു കയറിയത്.

പ്രായത്തിന്റെ പട്ടികയില്‍ അക്കങ്ങള്‍ കൂടുതലാണെങ്കിലും പ്രവൃത്തിയില്‍ നിത്യയുവത്വമാണ് ആ വലിയ മനുഷ്യന്‍. നിലവില്‍, വിരമിക്കാത്ത ലോകത്തിലെ ഏക തൊഴിലാളി ഒരു പക്ഷേ കുഞ്ഞപ്പന്‍ ചേട്ടനാകും. 97 ാം വയസ്സിലും ജോലി ചെയ്യുന്ന, 75 വര്‍ഷമായി ഒരേ സ്ഥാപനത്തില്‍ത്തന്നെ ജോലി തുടരുന്ന 'ദ എവര്‍ഗ്രീന്‍ എംപ്ലോയി'.

ജോലിയില്‍ പ്രവേശിച്ച സമയം;

ഞായറാഴ്ച കുര്‍ബാന കഴിഞ്ഞിറങ്ങി, പള്ളിമുറ്റം കടന്ന് വീട്ടിലേക്കു നടക്കാന്‍ തുടങ്ങിയ കുഞ്ഞപ്പന്‍ ചേട്ടനെ അന്നത്തെ ഇടവക വികാരി തിരികെ വിളിച്ചു പറഞ്ഞു

എടാ നീ സിക്‌സ്ത് (ഇന്നത്തെ പത്താം ക്ലാസ്) പാസ്സായില്ലേ. നാളെ മുതല്‍ നമ്മുടെ സ്‌കൂളില്‍ ചെന്ന് പഠിപ്പിക്ക്''. കുഞ്ഞപ്പന്‍ ചേട്ടന്‍ പിറ്റേന്ന് സ്‌കൂളിലെത്തി. പഠിപ്പിക്കാനും തുടങ്ങി. പക്ഷേ അധ്യാപകന്റെ ജോലി കുഞ്ഞപ്പന്‍ ചേട്ടന് ഇഷ്ടമായില്ല. ഏറെ വൈകാതെ 'ബൈ' പറഞ്ഞ് പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിലെത്തി. അന്ന് കടയുടമ പുല്‍പ്പേല്‍ ദേവസ്യ ചേട്ടനെന്ന സെബാസ്റ്റ്യനുള്‍പ്പടെ ആകെയുണ്ടായിരുന്ന ജീവനക്കാര്‍ മൂന്നു പേര്‍. ഇന്ന് ഇരുനൂറോളം ജീവനക്കാരുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായി പുല്‍പ്പേല്‍ വളര്‍ന്നപ്പോഴും കുഞ്ഞപ്പന്‍ ചേട്ടന്‍ സ്ഥാപനത്തിന്റെ നെടുംതൂണായി തുടര്‍ന്നു.

നല്ല വടിവൊത്ത ഇംഗ്ലീഷില്‍ യാതൊരു തിരുത്തലുകളുമില്ലാതെ ഇപ്പോഴും കുഞ്ഞപ്പന്‍ ചേട്ടന്‍ കണക്കുകള്‍ എഴുതി തയാറാക്കും. കമ്പ്യൂട്ടറിനെയോ കാല്‍ക്കുലേറ്ററിനെയോ ആശ്രയിക്കാറില്ല. കണക്കിന്റെ കാര്യത്തില്‍ മാത്രം യാതൊരു ഇളവുമുണ്ടാകില്ല. എല്ലാം കിറു കൃത്യമായിരിക്കണം. അതു നിര്‍ബന്ധം.

കടയില്‍ വരുന്ന എല്ലാവരും തന്നെക്കാള്‍ വലിയവരാണെന്നാണ് പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും ഇച്ചാച്ചന്‍ എന്ന് വിളിക്കുന്ന കുഞ്ഞപ്പന്‍ ചേട്ടന്റെ വിശ്വാസ പ്രമാണം. കടയുടമകളുടെ കുടുംബത്തിന് കുഞ്ഞപ്പന്‍ ചേട്ടന്‍ കുഞ്ഞങ്കിളാണ്.

കുഞ്ഞപ്പന്‍ ചേട്ടന്റെ ഇരിപ്പിടത്തിനു മുന്നിലെ ചെറിയ ടിന്നില്‍ എപ്പോഴും മിഠായികളുണ്ടാകും. കടയിലെത്തുന്ന കുരുന്നുകള്‍ ആ സ്‌നേഹമധുരം നുണഞ്ഞാകും അവിടെ നിന്നിറങ്ങുക. കടയിലെത്തുന്നവരോട് കുശലം പറഞ്ഞും ചിരിച്ചും വിശേഷങ്ങള്‍ തിരക്കിയുമാണ് കുഞ്ഞപ്പന്‍ ചേട്ടന്‍ യാത്രയാക്കുക.

കാലം പോകെ കുഞ്ഞപ്പന്‍ ചേട്ടന്റെ മക്കളും കൊച്ചു മകനും ഇവിടെ ജോലിക്കാരായി. എഴുപത്തിയൊന്നുകാരനായ രണ്ടാമത്തെ മകന്‍ ടിജെ ജോര്‍ജ് ഇപ്പോള്‍ കടയുടെ മാനേജരാണ്. മൂത്ത മകന്‍ ആന്റണി എന്ന അപ്പച്ചന്‍ ഏറെക്കാലം കടയിലുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. ജോര്‍ജേട്ടന്റെ മകന്‍ ജോസും കടയിലെ ജീവനക്കാരനായിരുന്നു. വസ്ത്രമേഖലയില്‍ സ്വന്തമായി ബിസിനസ്സ് തുടങ്ങിയെങ്കിലും തിരക്കുണ്ടാകുന്ന സീസണുകളില്‍ ജോസ് സഹായിയായി പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിലെത്തും.

പത്താം തരം പാസ്സായി, 14ാം വയസ്സിലാണ് ജോര്‍ജേട്ടന്‍ ഇവിടെ ജോലിക്കു കയറിയത്. ഇപ്പോള്‍ 57 വര്‍ഷമായി. 3 മക്കളാണ് കുഞ്ഞപ്പന്‍ ചേട്ടന്. രണ്ടാണും ഒരു പെണ്ണും. ഭാര്യ ചിറക്കാട് ചിറയ്ക്കലാത്ത് നാഗത്തിങ്കല്‍ ഏലിക്കുട്ടി നാലു വര്‍ഷം മുമ്പ് മരിച്ചു.

കുഞ്ഞപ്പന്‍ ചേട്ടന്‍ പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സില്‍ 75 വര്‍ഷം പൂര്‍ത്തിയാകുന്നത് വലിയൊരു ആഘോഷമാക്കി മാറ്റാനൊരുങ്ങുന്നതിനിടയിലാണ് നാലുമാസം മുമ്പ് അദ്ദേഹം ഒന്ന് കാല്‍ വഴുതി വീണത്. അതോടെ ചെറിയ വിശ്രമം വേണ്ടി വന്നു. അപ്പോഴും അദ്ദേഹം കടയിലെ വിശേഷങ്ങള്‍ മാത്രം തിരക്കിക്കൊണ്ടിരുന്നു. ക്ഷേമവിവരം അന്വേഷിക്കാന്‍ വീട്ടിലെത്തുന്നവര്‍ എന്തെങ്കിലും ചോദിക്കും മുമ്പേ കുഞ്ഞപ്പന്‍ ചേട്ടന്‍ തിരക്കും '' എന്നാക്കയാ കടയിലെ വിശേഷങ്ങള്‍ ?''.

കുഞ്ഞപ്പന്‍ ചേട്ടനെ പറ്റി മകന്‍;

'ഇപ്പോഴും ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പേ ഇച്ചാച്ചന്‍ എഴുന്നേല്‍ക്കും. മഴയില്ലെങ്കില്‍ മുറ്റം തൂക്കും, വിറക് കീറും. സ്വന്തം വസ്ത്രങ്ങള്‍ തനിയെ കഴുകി, ഇസ്തിരിയിട്ടാണ് ഉപയോഗിക്കുക. ഇന്ന് ഞാന്‍ ജോലിക്കു വരാന്‍ ഇറങ്ങിയപ്പോഴും ഇച്ചാച്ചന്‍ തുണി അലക്കിക്കൊണ്ട് നില്‍ക്കുകയാണ്''.

കുഞ്ഞപ്പന്‍ ചേട്ടനെ ഒരു തൊഴിലാളിയായല്ല സ്ഥാപനത്തിന്റെ ഉടമകള്‍ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ച ശേഷമേ തീരുമാനങ്ങളെടുക്കൂ. രണ്ടു തലമുറ മാറി വന്നിട്ടും അതില്‍ മാറ്റമില്ല. ഇപ്പോള്‍ ദേവസ്യ ചേട്ടന്റെ മകന്റെ മകന്‍ മേരിദാസ് ജോസഫ് എന്ന ഔസേപ്പച്ചനാണ് കടയുടെ നടത്തിപ്പുകാരന്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)