തങ്കച്ചന്റെ പൊന്നു തോല്‍ക്കും മനസ്! ഓട്ടോ ഓടിച്ച് കിട്ടുന്ന തുക എത്ര ചെറുതാണെങ്കിലും ഒരു പങ്ക് രോഗാതുരര്‍ക്കായി നീക്കിവെയ്ക്കും; വര്‍ഷങ്ങളായി തന്റെ സന്തോഷം ഇതാണെന്ന് ഈ ഓട്ടോ ഡ്രൈവര്‍

kolayad,thankachan,kerala,stories

കൂത്തുപറമ്പ്: രാപ്പകലില്ലാതെ അധ്വാനിച്ച് കിട്ടുന്ന പ്രതിഫലത്തിന്റെ നല്ലൊരു പങ്ക് ദിവസവും രോഗാതുരതയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി മാറ്റിവയ്ക്കുകയാണ് കോളയാട് ടൗണിലെ ഈ ഓട്ടോ ഡ്രൈവര്‍. ഒരു കൈ നല്‍കുന്ന സഹായം മറുകൈ അറിയരുതെന്ന നിര്‍ബന്ധവുമുണ്ട് ഇദ്ദേഹത്തിന്. തങ്കച്ചനെന്ന ഈ മധ്യവയസ്‌കന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ഈ പതിവ് ഏതെങ്കിലും തരത്തിലുള്ള പ്രശസ്തി ആഗ്രഹിച്ചിട്ടുമല്ല.

എട്ടുവര്‍ഷത്തോളമായി കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവറാണ് കോളയാട് പുന്നപ്പാലത്തെ തങ്കച്ചന്‍ എന്ന ഈ 51 കാരന്‍. രോഗാതുരയില്‍പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന പതിവുണ്ട് കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്. അതിനാല്‍ പലരും ഇവരുടെ അടുത്തേക്ക് സഹായം അഭ്യര്‍ത്ഥിച്ചു വരും.

ഇങ്ങനെ സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് തന്റെ വിഹിതമായി തങ്കച്ചന്‍ തന്റെ ഭണ്ഡാരപ്പെട്ടിയിലെ സംഖ്യ എണ്ണി തിട്ടപ്പെടുത്തുക പോലും ചെയ്യാതെ മുഴുവനായും നല്കുകയാണ് ചെയ്യുക. അടുത്ത ദിവസം മുതല്‍ പുതിയൊരു ഭണ്ഡാരപ്പെട്ടിയിലാവും നിക്ഷേപം തുടങ്ങുക. ഇങ്ങനെ ഒന്നോ രണ്ടോ മാസം ആവുമ്പോഴേക്കും പുതിയൊരാള്‍ക്ക് ആശ്വാസമായി തങ്കച്ചന്‍ ഭണ്ഡാരപ്പെട്ടി കൈമാറും.

ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയതു മുതല്‍ ദിവസം മുഴുവനായും വല്ലാതൊരു സന്തോഷം നിലനില്ക്കുന്നുണ്ടെന്നും യാതൊരു അസുഖവും തനിക്കോ കുടുംബത്തിനും നേരിടാറില്ലെന്നും തങ്കച്ചന്‍ പറയുന്നു. മാത്രമല്ല തന്റെ പ്രവൃത്തിയില്‍ പ്രചോദിതരായി തന്റെ സഹപ്രവര്‍ത്തകരായ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കൂടി ഇത്തരത്തില്‍ സഹായം ചെയ്യാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും തങ്കച്ചന്‍ പറയുന്നു.

ഭാര്യ മേരി ജോര്‍ജും തങ്കച്ചന്റെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. അല്‍ഫോന്‍സ, ആഗിന്‍സ് എന്നിവരാണ് മക്കള്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)