ബെംഗളുരു : ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പ്രശസ്തരായവര്‍ ജന്മദിനമാഘോഷിക്കുന്നത് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇത്തരം ആഘോഷങ്ങള്‍ കുട്ടികളുടെ മാനസികവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
ശിശു സംരക്ഷണ സമിതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സിനിമ താരങ്ങള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ ജന്മദിനാഘോഷങ്ങള്‍ക്കായി എത്താറുണ്ട്. സ്വന്തം പിറന്നാള്‍ പോലും ഓര്‍ത്തിരിക്കാന്‍ സാധിക്കാത്ത വണ്ണം മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ ഇത് കൂടുതല്‍ ഹാനികരമായി ബാധിക്കും എന്ന് കണ്ടെത്തിയതിനാലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
തന്നെയുമല്ല ആര്‍ഭാടങ്ങളോടെ പിറന്നാളുകള്‍ ആഘോഷിക്കാമെന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടായാല്‍ എല്ലാവരുടെയും പിറന്നാള്‍ ഇത്തരത്തില്‍ ആഘോഷിക്കേണ്ടി വരുമെന്നും ഇത് എപ്പോഴും സാധിക്കാതെ വന്നേക്കുമെന്നതിനാല്‍ കുട്ടികള്‍ക്കത് താങ്ങാനായേക്കില്ലെന്നും ശിശു സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും, ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുമായ കുട്ടികള്‍, ബാലവേല, ബാലവിവാഹം എന്നിവയില്‍ നിന്ന് രക്ഷപെട്ടവര്‍ തുടങ്ങിവരാണ് ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നത്.