ഗോരഖ്പൂര്‍ : കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം നാലായിരം രൂപ വീതം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ബാല്‍ സേവ യോജനയുടെ ഭാഗമായാണ് തുക അനുവദിക്കുന്നത്.
കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് വരെ പ്രതിമാസപെന്‍ഷന്‍ നല്‍കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഗോരഖ്പൂരില്‍ അച്ഛനമ്മമാരില്‍ ഒരാളെയെങ്കിലും നഷ്ടപ്പെട്ട ആറ് കുട്ടികളാണുള്ളത്. ആകെ 174 കുട്ടികളാണ് കുടുംബത്തിലെ വരുമാനമാര്‍ഗ്ഗം നിലച്ചവരായുള്ളത്. ഇവരുടെ വിദ്യാഭ്യാസവും വിവിധ പദ്ധതികളിലായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
ടെക്നിക്കല്‍ കോഴ്സുകളില്‍ നിലവില്‍ അഡ്മിഷന് എടുത്തിരിക്കുന്ന പതിനെട്ട് വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികളുടെ പഠനച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവര്‍ക്ക് പഠനത്തിനാവശ്യമായ ടാബ്ലെറ്റുകളും വിതരണം ചെയ്യും.നിലവില്‍ 6,019 ആക്ടീവ് കേസുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ഇതുവരെ 1,675,684 പേര് രോഗമുക്തരായി. 22,030 പേര് മരിച്ചു.
Discussion about this post