ഗന്ധിനഗര്‍ : ഗുജറാത്തില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രണ്ട് തവണ തട്ടിക്കൊണ്ട് പോയതിനെത്തുടര്‍ന്ന് ഇരുപത്തിനാല് മണിക്കൂറും സുരക്ഷയൊരുക്കി പോലീസ്.ഗുജറാത്തിലെ അഡലാജിലെ ചേരിയില്‍ ആക്രി വിറ്റ് ജീവിക്കുന്ന ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് രണ്ട് തവണ തട്ടിക്കൊണ്ടുപോകലിനിരയായത്.
കുഞ്ഞ് ജനിച്ച് രണ്ട് ദിവസം മാത്രമുള്ളപ്പോള്‍ ഗാന്ദിനഗര്‍ സിവില്‍ ആശുപത്രിയില്‍ വെച്ചാണ് ആദ്യത്തെ തവണ തട്ടിക്കൊണ്ടുപോകുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ജിഗ്നേഷ്, അസ്മിത ഭാരതി എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് മോചിപ്പിക്കുകയായിരുന്നു.
ഈ സംഭവത്തിന്റെ നടുക്കം മാറും മുന്നേയാണ് ജൂണ്‍ അഞ്ചിന് വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടികളില്ലാത്ത സുധ-ദിനേശ് ദമ്പതിമാരാണ് അന്ന് കുഞ്ഞിനെ കൊണ്ടുപോകുന്നത്. കുട്ടികളുടെ അമ്മ റോഡരികില്‍ ആക്രി ശേഖരിക്കുന്നതിനിടെ സൈക്കിളില്‍ കിടത്തിയിരുന്ന കുഞ്ഞിനെ ഇരുവരും എടുത്തുകൊണ്ടുപോകുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നാല് ദിവസത്തിന് ശേഷമാണ് പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്.
രണ്ട് മാസത്തിനിടെ രണ്ട് തവണ തട്ടിക്കൊണ്ട് പോയതോടെയാണ് കുഞ്ഞിന് കാവലേര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. കുഞ്ഞിനെയും മാതാപിതാക്കളെയും സദാസമയവും നിരീക്ഷിക്കാനാണ് പോലീസിന്റെ തീരുമാനം. കുടുംബത്തിന് സ്ഥിരമായ വാസസ്ഥലം ഒരുക്കാനും പോലീസിന് പദ്ധതിയുണ്ട്.
Discussion about this post