ഐസോള്‍ : മിസോറാമിലെ മാവ്‌രി ഗ്രാമത്തിലെ കുട്ടികള്‍ക്ക് ട്രക്കിങ്ങില്ലാത്ത ഒരു ദിസവമില്ല. മലയോരപ്രദേശമായത് കൊണ്ടോ ട്രക്കിങ് കുട്ടികളുടെ ഇഷ്ടവിനോദമായത് കൊണ്ടോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇന്റര്‍നെറ്റ് കണ്ക്ഷന്‍ ഇല്ലാത്തതാണ് ഈ ദിവസേനയുള്ള ‘ട്രക്കിങ്ങിന് ‘ കാരണം.
മിസോറാം യൂണിവേഴ്‌സിറ്റിയിലെ ഏഴോളം കുട്ടികളാണ് കൃത്യമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്.സെമസ്റ്റര്‍ എക്‌സാമുകള്‍ നടക്കുന്നതിനാല്‍ റേഞ്ച് തേടി ദിവസവും മലകയറാതെ നിവൃത്തിയില്ല. ത്‌ലാവോ ത്‌ലാ എന്ന മലയാണ് കുട്ടികളുടെ ഇന്‍ര്‍നെറ്റ് സ്‌പോട്ട്. ഇവിടെ ഇവര്‍ക്കായി മുളകൊണ്ട് താല്ക്കാലിക ഷെഡ് ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇരുന്നാണ് കുട്ടികള്‍ പരീക്ഷ എഴുതുന്നത്. രണ്ട് ബെഞ്ചുകള്‍ വിദ്യാര്‍ഥികള്‍ തന്നെ മൂന്ന് കിലോമീറ്ററോളം ചുമന്ന് ഇവിടെ എത്തിച്ചിട്ടുണ്ട്.
1700റോളം ആളുകളുള്ള ഗ്രാമത്തില്‍ ഇപ്പോഴും 2ജി നെറ്റ്‌വര്‍ക്കാണ് ലഭ്യം. 4ജി ഉണ്ടെങ്കിലും സ്ഥിരമല്ല. സംസ്ഥാനത്തുടനീളം 24000ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് മിസോറാം യുണിവേഴ്‌സിറ്റി ജൂണ്‍ മാസത്തില്‍ പരീക്ഷ നടത്തുന്നത്. വാട്‌സ് ആപ്പിലോ ഇമെയിലിലോ വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പേപ്പറിലെഴുതി ഫോട്ടോ എടുത്ത് അയച്ച് കൊടുക്കുകയാണ് വേണ്ടത്. അതിനാല്‍ നെറ്റ്‌വര്‍ക്കിന്റെ വരവ് കാത്ത് ഇരിക്കുക സാധ്യമല്ല.
ഇന്റനെറ്റ് സൗകര്യത്തിനായി സര്‍ക്കാരിനോട് പല തവണ അഭ്യര്‍ത്ഥിച്ചിട്ടും പരിഹാരം ലഭിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മലമുകളിലും ചില സമയങ്ങളില്‍ കണക്ഷന്‍ പ്രശ്‌നം ഉണ്ടാകാറുണ്ടെന്നും ഇത് പരീക്ഷയെഴുതുന്നതില്‍ തടസ്സം സൃഷ്ടിക്കാറുണ്ടെന്നും കുട്ടികള്‍ അറിയിച്ചു.