ബിനോയ് കോടിയേരിയുടെ മകന്റെ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ നടപടി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ മകന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബിനോയിയുടെ ഭാര്യ ഡോ. അഖിലയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി.

കുട്ടികളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ബിനോയിക്കെതിരെ ബീഹാര്‍ യുവതി ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് കുടുംബത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

കുടുംബാംഗങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായും ബിനോയിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ഫോട്ടോയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Exit mobile version