തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഉത്തരവ്. കെട്ടിട നിര്‍മ്മാണ അനുമതി നല്കുന്നതില് അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
കെട്ടിട നിര്‍മ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ ക്രമവിരുദ്ധമായി കാലതാമസം ഒഴിവാക്കി സമയബന്ധിത നടപടി സ്വീകരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
കെട്ടിട നിര്‍മ്മാണ അനുമതിക്കായി കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും ജൂലൈ പത്തിന് മുമ്ബ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉചിതതീരുമാനം എടുത്ത് തീര്‍പ്പാക്കണം.ഇത് സംബന്ധിച്ച് എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും പരിശോധന നടത്തി വസ്തുത റിപ്പോര്‍ട്ട് വീഴ്ചവരുത്തുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പേര് വിവരങ്ങളും ശുപാര്‍ശയും സഹിതം ജൂലൈ 15 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് [email protected] എന്ന ഇ-മെയിലില്‍ ലഭ്യമാക്കണം.
മുന്‍ഗണനാക്രമം തെറ്റിക്കാതെയും 15 ദിവസത്തില്‍ കൂടുതല്‍ കാലതാമസമുണ്ടാക്കാതെയും കെട്ടിട നിര്‍മ്മാണ അനുമതികള്‍ നല്കാന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
സമയപരിധിക്കുള്ളില്‍ കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കാനുള്ള കമ്മിറ്റി എല്ലാ ഗ്രാമപഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ടെന്നും യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുന്നുണ്ടെന്നും പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം.
ഗ്രാമപഞ്ചായത്തുകളില്‍ നിന്നും കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പ്രകാരം അനുമതി വാങ്ങിയും വാങ്ങാതെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച പല കെട്ടിടങ്ങള്‍ക്കും കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പര്‍, കെട്ടിട നിര്‍മ്മാണ ക്രമവത്ക്കരണം എന്നിവ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുന്നതായും ചില കെട്ടിടങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നതായും ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ തലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് ജൂലൈ 31 നകം അദാലത്തുകള്‍ സംഘടിപ്പിക്കണം.
2019 മെയ് 31 വരെ കെട്ടിട നിര്‍മ്മാണാനുമതി ലഭിക്കാത്തതും നിയമാനുസൃതം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും കെട്ടിട വിനിയോഗാനുമതി, കെട്ടിട നമ്പര്‍ എന്നിവ ലഭിക്കാത്തതുമായ അപേക്ഷകളാണ് അദാലത്തിന് പരിഗണിക്കേണ്ടത്.
കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 220 (ബി)പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തുകളും നാഷണല്‍ ഹൈവേയോടോ, സംസ്ഥാന ഹൈവേയോടോ ജില്ലാ റോഡുകളോടോ ചേര്‍ന്നു കിടക്കുന്ന ഭൂമിയില്‍ റോഡതിര്‍ത്തിയില്‍ നിന്നും മൂന്ന് മീറ്റര്‍ ദൂരത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം കര്‍ശനമായി നിരോധിക്കണം.
മൂന്ന് മീറ്റര്‍ ദൂരപരിധി ബാധകമാക്കേണ്ടതായ പഞ്ചായത്തിലെ മറ്റ് റോഡുകളും പൊതുവഴികളും ഏതെല്ലാമായിരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്ന് നിശ്ചയിച്ച് ഏതേത് റോഡുകളുടെ അതിര്‍ത്തിയില്‍ നിന്നാണ് മൂന്ന് മീറ്ററിനുള്ളില്‍ കെട്ടിടം പണി നിരോധിക്കേണ്ടത് എന്ന് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണം. ഇപ്രകാരം പഞ്ചായത്ത് യോഗം ചേര്‍ന്ന് തയ്യാറാക്കുന്ന റോഡ് ലിസ്റ്റ് പരസ്യപ്പെടുത്തണം.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് മുമ്പ് അന്നത്തെ നിയമത്തിനനുസൃതമായി പെര്‍മിറ്റ് വാങ്ങി നിര്‍മ്മാണം നടത്തി നിയമാനുസൃതം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് നിയമപ്രകാരം കെട്ടിട നമ്പര്‍ അനുവദിക്കണം.
ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനായി സങ്കേതം മുഖേന മാത്രമേ കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷകള്‍ സ്വീകരിക്കാനും, തുടര്‍നടപടികള്‍ സ്വീകരിക്കാനും പാടുള്ളു. ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പരിശോധന നടത്തി ഉറപ്പ് വരുത്തണം.
സങ്കേതം ആപ്ലിക്കേഷന്‍ മുഖേന കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമ്പോള്‍ ക്ലാര്‍ക്ക് മുതല്‍ സെക്രട്ടറി/അസിസ്റ്റന്റ് എന്‍ജിനിയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ആവശ്യമായ ഫയല്‍ കുറിപ്പ് രേഖപ്പെടുത്തി മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ.
കെ-സിഫ്റ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുഖേന ലഭിക്കുന്ന കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷകളില്‍ സമയബന്ധിത നടപടികള്‍ സ്വീകരിക്കാതിരിക്കുകയും അതുവഴി അപേക്ഷകന് കല്പിത പെര്‍മിറ്റ് ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ നിയമ തടസ്സങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൂര്‍ണ്ണ ഉത്തരവാദി ആയിരിക്കും.
2018 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി)ആക്ട് നിലവില്‍ വരുന്നതിന് മുമ്ബ് അനുവദിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് പ്രകാരം പൂര്‍ത്തീകരിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്ബര്‍ അനുവദിക്കുന്നതിന് 30.12.2017 തീയതിക്ക് ശേഷം നിലവില്‍ വന്ന ആക്ടിലെ വകുപ്പുകള്‍ പ്രകാരമുള്ള രേഖകള്‍ നിഷ്കര്ഷിക്കരുത്.
2018 ലെ കേരള പഞ്ചായത്ത് രാജ് (അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമപ്പെടുത്തല്‍) ചട്ടങ്ങള്‍ പ്രകാരം ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്നവ ജൂലൈ 31 നകം തീര്‍പ്പാക്കി ജില്ലാതല വിശദവിവരപട്ടിക പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ആഗസ്റ്റ് 10 നകം പഞ്ചായത്ത് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.
അനധികൃത കെട്ടിട നിര്‍മ്മാണം തടയാന്‍ രൂപീകരിച്ച ജില്ലാതല സ്ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് എല്ലാ മാസവും 15 നുള്ളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ക്വാസി-ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോഴോ, പെര്‍മിറ്റ് റദ്ദ് ചെയ്യുമ്പോഴോ സൈറ്റ് പരിശോധന നടത്തി ലംഘനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി നോട്ടീസ് പുറപ്പെടുവിക്കണം. അന്തിമ തീരുമാനം കൈക്കൊള്ളും മുമ്പ് ബന്ധപ്പെട്ടവരെ നേരില്‍ കേള്‍ക്കാനുള്ള അവസരം നല്‍കണം.
കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട നിര്‍മ്മാണ ക്രമവത്കരണാനുമതി, കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പറിംഗ്, വിവിധ ലൈസന്‍സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളോട് സൗഹാര്‍ദ്ദപരമായും സഭ്യമായും ജീവനക്കാര്‍ പെരുമാറണം.
അപേക്ഷകളില്‍ അധിക വിവരങ്ങള്‍/രേഖകള്‍ ആവശ്യമായിട്ടുണ്ടെങ്കില്‍ അപേക്ഷകനെ ബോധ്യപ്പെടുത്തി ചട്ടപ്രകാരം നോട്ടീസ് നല്‍കണം.ന്യൂനതകള്‍ പരിഹരിച്ചാല്‍ എത്രയുംവേഗം സേവനം നല്‍കണം.
എല്ലാ മാസവും ഒന്നാം തീയതി മുതല്‍ 15 ാം തീയതി വരെയും 16 ാം തീയതി മുതല്‍ 31 ാം തീയതി വരെയും ലഭിക്കുന്ന കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ് ബോര്‍ഡിലും ഗ്രാമപഞ്ചായത്തിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം.
കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതിന് കാലതാമസം ഉണ്ടെങ്കില്‍ കാരണം പ്രൊഫോര്മയിലെ റിമാര്‍ക്സ് കോളത്തില്‍ വ്യക്തമായിരിക്കണം. കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതിന് ഗ്രാമപഞ്ചായത്തില്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ കംമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനായ സങ്കേതം എല്ലാ ദിവസവും സെക്രട്ടറി പരിശോധന നടത്തി കൃത്യത ഉറപ്പ് വരുത്തണം.
കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷകളിന്മേല് ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടി വിവരങ്ങള്‍ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും എല്ലാ മാസവും അഞ്ചിന് മുമ്ബ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാതല സമാഹൃത റിപ്പോര്‍ട്ട് എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
നിയമാനുസരണ രീതിയില്‍ അല്ലാതെ കെട്ടിടനിര്‍മ്മാണ അനുമതി നല്കുന്നതില് കാലതാമസം വരുത്തിയിട്ടുണ്ടെങ്കില്‍ അത് ഏത് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു
Discussion about this post