കണ്ണൂര്‍: ശുചിമുറിയിലെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണിനായി ക്ലോസറ്റ് കുത്തിപ്പൊളിച്ച പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒടുവില്‍ പതിനയ്യായിരം രൂപയുടെ ഫോണിനായി 5000 രൂപ ചെലവില്‍ ശുചിമുറി നന്നാക്കികൊടുത്താണ് യുവാവ് മടങ്ങിയത്. കണ്ണൂര്‍ പിണറായിയിലെ പെട്രോള്‍ പമ്പിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഫോണാണു യാത്രാമധ്യേ പെട്രോള്‍ പമ്പില്‍ നഷ്ടപ്പെട്ടത്. താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കള്‍ക്കൊപ്പമാണ് ഇയാള്‍ പമ്പിലെത്തിയത്.
പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ പതിനെട്ടടവും യുവാവ് ശ്രമിച്ചു. ക്ലോസറ്റില്‍ വീണ ഫോണ്‍ ഉപയോഗശൂന്യമായിട്ടുണ്ടാവുമെന്നു പമ്പിലുള്ളവര്‍ പറഞ്ഞപ്പോള്‍ ഫോണിനു പുറകില്‍ രണ്ടു സ്വര്‍ണ നാണയമുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്.
തുടര്‍ന്ന് മാന്‍ഹോള്‍ അടര്‍ത്തി മാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ ടാങ്കിലേക്കു പോയിട്ടുണ്ടാകുമെന്നു പറഞ്ഞതോടെ ഇത് എടുത്തേ തീരൂ എന്നായി യുവാവ്. മണ്ണുമാന്തി കൊണ്ടുവരാമെന്നും ടാങ്ക് വൃത്തിയാക്കണമെന്നും ഇവര്‍ പറഞ്ഞു. ഇതിന് 20000 രൂപ ചെലവാകുമെന്നു പറഞ്ഞപ്പോള്‍ യുവാവ് അതിനും തയാറായി. സംശയം തോന്നിയതോടെ പമ്പിലുള്ളവര്‍ പോലീസിനെ അറിയിച്ചു.
പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകളും മെമ്മറി കാര്‍ഡും തിരിച്ചുകിട്ടാനാണു ശ്രമിക്കുന്നതെന്നായിരുന്നു പോലീസിനോട് ഇവര്‍ പറഞ്ഞത്. ഫോണ്‍ എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഇവര്‍ മടങ്ങി. താമരശ്ശേരിയില്‍ നിന്നു ടൈല്‍സ് പണിക്കാരുമായി വൈകിട്ടോടെ ഇയാള്‍ വീണ്ടുമെത്തി. ടൈല്‍സും ക്ലോസറ്റും പൊട്ടിച്ചു ഫോണ്‍ എടുക്കാനുള്ള ശ്രമം വീണ്ടും ആരംഭിച്ചു.
നാട്ടുകാര്‍ വീണ്ടും പോലീസില്‍ അറിയിച്ചു. പോലീസ് എത്തിയതോടെ ഇവര്‍ വീണ്ടും പണിനിര്‍ത്തി. പൊളിച്ച ശുചിമുറി 5000 രൂപ ചെലവില്‍ നന്നാക്കി കൊടുത്താണ് മടങ്ങിയത്.