മലപ്പുറം: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കല്ലട ബസിലെ ജീവനക്കാരന്റെ ജാമ്യഹര്‍ജി കോടതി തള്ളി. പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജോണ്സന് ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയത്.
മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസിലാണ് പീഡന ശ്രമം ഉണ്ടായെന്നാണ് യുവതി പരാതി നല്‍കിയത്. പുലര്‍ച്ചെ 1.30 ഓടെ ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വയ്ക്കുകയായിരുന്നു.
ബസ്സിലെ രണ്ടാം ഡ്രൈവറായ കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടില്‍ ജോണ്സണ് ജോസഫ് ആണ് കേസില്‍ അറസ്റ്റിലായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ബസിലെ മറ്റ് ജീവനക്കാര്‍, കഴിയാവുന്നത്ര സഹയാത്രികര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. അതിന് ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക. പ്രതി ജോണ്സന് ജോസഫിനെ ഇപ്പോള്‍ റിമാന്റിലാണ്.
Discussion about this post