കോഴിക്കോട്: കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിച്ച് നീക്കി തുടങ്ങി. ഏറനാട് തഹസില്‍ദാര്‍ പി ശുഭന്റെ നേതൃത്വത്തിലാണ് തടയണ പൊളിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
തടയണ പൊളിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ട് പോയതോടെ കഴിഞ്ഞ ദിവസം ഹൈക്കോടതി ജില്ലാ
ഭരണകൂടത്തോട് കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്.
ചീങ്കണ്ണിപ്പാറയിലെ തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് പൊളിച്ച് നീക്കല്‍. സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ ഒരാഴ്ചയെടുക്കും. പൊളിച്ച് നീക്കുന്നതിന്റെ ചിലവ് പൂര്‍ണമായും ഉടമയില്‍ നിന്ന് ഈടാക്കും.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര് മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി തടയണ പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പരാതിക്കാരന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post