ആലപ്പുഴ: വള്ളിക്കുന്നത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ വച്ച് കൊന്ന കേസില്‍ പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ എന്‍എ അജാസിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് റൂറല്‍ എസ്പി കെ കാര്‍ത്തിക് ഉത്തരവിറക്കി.
അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെന്‍ഡ് ചെയ്തതായി ഉത്തരവിറക്കിയത്. കൊലപാതകത്തില്‍ അജാസിന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം അന്വേഷണസംഘം എസ്പിക്ക് കൈമാറിയിരുന്നു. ഇതു പരിഗണിച്ചാണ് നടപടി. സിഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതലയെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി എടുക്കുമെന്നും എസ്പി കാര്‍ത്തിക് പറഞ്ഞു.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
Discussion about this post