ഉള്ളില്‍ കരഞ്ഞുകൊണ്ട് മലയാളിയെ കുടുകുടെ ചിരിപ്പിക്കുകയാണ് മോളി കണ്ണമാലി എന്ന ചാള മേരി. കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലാത്ത താരത്തിന്റെ ദുരിത ജീവിതം ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. താരസംഘടന അമ്മ താരത്തിന് വീടൊരുക്കും. വീടിന്റെ ശോചനീയാവസ്ഥ സൈബര്‍ലോകത്ത് വൈറലായതോടെയാണ് താരങ്ങളുടെ ഇടപെടല്‍.
നിലവില്‍ ‘അമ്മ’ സംഘടനയില്‍ അംഗമല്ലെങ്കിലും മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മിച്ച് നല്‍കുമെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ഈ പദ്ധതിയുടെ കീഴില്‍ 20 വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മോളിക്ക് ഇപ്പോള്‍ സ്വന്തമായുള്ള സ്ഥലത്ത് വീടു പണിയാന്‍ ആകുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൃത്തിഹീനമായ ചുറ്റുപാടില്‍ ഷീറ്റുകൊണ്ട് മറച്ച പുരയിലാണ് താരത്തിന്റെ താമസം.
അതിനിടെ മോളിയെ വിമര്‍ശിച്ചും ആളുകള്‍ എത്തിയിരുന്നു. എറണാകുളം മുന്‍ എംപിയായ കെവി തോമസ് മുന്‍കൈയെടുത്ത് മോളിക്കു വീടു നിര്‍മിച്ചുനല്‍കിയ കാര്യമായിരുന്നു ചര്‍ച്ച. സ്വന്തമായി വീടുള്ളപ്പോള്‍ എന്തിനാണ് വീണ്ടുമൊരു കിടപ്പാടം വേണമെന്ന് ആവശ്യപ്പെടുന്നത് എന്ന ചോദ്യവും സൈബര്‍ലോകത്ത് ഉയര്‍ന്നിരുന്നു. ഇതിനുള്ള ഉത്തരം മോളി കണ്ണമാലി മനോരമ ന്യൂസ് ഡോട്ട്‌കോമിനോട് വെളിപ്പെടുത്തി.
‘തോമസ് സാര്‍ വീട് പണിത് തന്നു എന്നുള്ളത് സത്യമാണ്. എന്റെ ഇളയമകനും കുടുംബവുമായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. മൂത്തയാളുടെ വീട് തകര്‍ന്നതോടെ ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ അവിടെയാണ് താമസം. മൂത്തമകന് മൂന്ന് കുട്ടികളും ഇളയ മകന് രണ്ട് മക്കളുമുണ്ട്. അഞ്ച് കുട്ടികളും ബാക്കി മുതിര്‍ന്നവരുമായി 10 അംഗങ്ങളാണ് രണ്ട് മുറിയുള്ള വീട്ടില്‍ താമസിക്കുന്നത്. ‘മോളി വ്യക്തമാക്കി.
‘മൂത്തമകന്‍ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവില്‍ മൂന്ന് സെന്റ് സ്ഥലം നല്‍കിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കൈയ്യിലാണ്. അവര്‍ ഇത് തരാന്‍ കൂട്ടാക്കുന്നില്ല. മകന്‍ വീടുവെയ്ക്കാനായി ചെന്നപ്പോള്‍ അവര്‍ എതിര്‍ക്കുകയാണ്. ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളം കയറി നശിച്ചു. അഴക്കും ചെളിയും നിറഞ്ഞസ്ഥലത്ത് കുഞ്ഞുങ്ങളുമൊത്ത് എങ്ങനെയാണ് താമസിക്കുന്നത്.’മോളി മനോരമ ന്യൂസിനോട് പറഞ്ഞു.
‘എന്റെ മകനും കുടുംബത്തിനും തല ചായ്ക്കാന്‍ ഒരു കൂര വേണം. അതിന് വേണ്ടിയാണ് ഞാന്‍ അഭ്യര്‍ഥിക്കുന്നത്. ഇതിന്റെ ഇടയ്ക്ക് എനിക്ക് ഹൃദയാഘാതം വന്നു. ആരോഗ്യസ്ഥിതി വളരെ മോശമായിട്ടും കിട്ടുന്ന സിനിമാ സീരിയല്‍ ജോലിക്ക് പോകാറുണ്ട്. സ്ഥലമുണ്ടായിട്ടും ഒരു അടച്ചുറപ്പില്ലാത്ത കൂരയില്ലാത്ത ഗതികേടിലാണ് മകനും കുടുംബവും- മോളി കണ്ണമാലി പറയുന്നു. ഈ വാക്കുകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് താരത്തിനു സഹായം വാഗ്ദാനം ചെയ്ത് താര സംഘടന രംഗത്തെത്തിയത്.