ഗുരുവായൂര്‍: ഗുരുവായൂരില്‍ വന്‍ കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തോട്ടക്കര വീട്ടില്‍ സുനീറ (36) ആണ് എക്സൈസിന്റെ പിടിയിലായത്. പ്രതിക്ക് അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറെനടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്.
ഉദ്യോഗസ്ഥരുടെ കണ്ണില്‍പൊടിയിടാന്‍ കുടുംബസമേതമായിരുന്നു യാത്രകള്‍. ദമ്പതികള്‍ കുടുംബസമേതം യാത്ര ചെയ്ത് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുനീറ പിടിയിലായത്. പതിനേഴു വയസുള്ള മൂത്ത മകനോടും പതിനൊന്നു വയസുള്ള പെണ്‍കുട്ടിയോടും കോയമ്പത്തൂരില്‍ ബിസിനസ് യാത്രയ്ക്കു പോകുകയാണെന്ന് ധരിപ്പിച്ചു. ഇലക്ട്രോണിക്സ്, തുണി കച്ചവടത്തിനാണ് യാത്രയെന്ന് വിശ്വസിപ്പിച്ചു.
കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. പോലീസിനോ എക്സൈസിനോ സംശയം തോന്നാതിരിക്കാനായി ഭര്‍ത്താവും മക്കളുമൊത്ത് കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കോയമ്പത്തൂരില്‍ പോകും. കാര്‍ വാടകയ്ക്കെടുത്താണ് യാത്ര. കോയമ്പത്തൂരില്‍ നിന്ന് ചാവക്കാട്ട് വരെയുള്ള യാത്രയ്ക്കിടെ പലപ്പോഴും പോലീസ് കൈകാണിക്കാറുണ്ട്. കാറിനുള്ളില്‍ മക്കളെ കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ വണ്ടി വിട്ടോളാന്‍ പറയും.
ഒറ്റത്തവണ കാറില്‍ കൊണ്ടുവരുന്നത് പത്തു കിലോ കഞ്ചാവാണ്. ആഴ്ചയില്‍ ഇരുപതു കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നു. ഒരു ലക്ഷം രൂപ വരെ ലാഭം കിട്ടും ആഴ്ചയില്‍. ഈ ലാഭം മോഹിച്ചാണ് സുനീറ കഞ്ചാവ് കടത്താന്‍ ഇറങ്ങിതിരിച്ചത്. തീരമേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. രണ്ട് ഗ്രാം കഞ്ചാവ് 500 രൂപയ്ക്കു വില്‍ക്കും. ഒരു മാസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്.
അഞ്ച് വര്‍ഷത്തോളമായി കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന ഇവര്‍ക്ക് കേരളത്തിനകത്തും പുറത്തുമുള്ള വില്‍പ്പന സംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഘത്തില്‍ ഉള്‍പ്പെടുന്ന കൂടുതല്‍ പേര്‍ക്കായി എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി.
ആദ്യ രണ്ടു വിവാഹങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം മൂന്നാമതൊരാള്ക്കൊപ്പമാണ് താമസം. കോഴിക്കോട്ടുകാരനാണ് മൂന്നാം ഭര്‍ത്താവ്. ചാവക്കാട് തൊട്ടാപ്പിലാണ് വാടകയ്ക്കു താമസം. മൂന്നു മാസം കൂടുമ്പോള്‍ വാടക വീട് മാറികൊണ്ടിരിക്കും.
Discussion about this post