കൊച്ചി: കൊച്ചിയില്‍ നിപ ബാധിതനായി ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി.
നിപ ബാധയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് ആരോഗ്യ വകുപ്പില്‍ നിന്നും വരുന്നത്. കഴിഞ്ഞദിവസം യുവാവ് സ്വന്തമായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും യുവാവ് ആരംഭിച്ചതായി ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. കൂടാതെ ഇന്റര്‍കോം വഴി അമ്മയുമായി സംസാരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ കളമശേരിയിലും തൃശൂരിലും ഉള്ള രണ്ട് പേരുടെ കൂടി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. വൈറസ് ബാധയുടെ സംശയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഏഴ് പേരില്‍ ഒരാളെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ നിപ ബാധിച്ച വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയായ ഒരാളെക്കൂടി ഇന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെയും തൃശൂര്‍ സ്വദേശിയായ ഒരാളുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
അതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ഒരേ സമയം 30 പേരെ കിടത്താവുന്ന പുതിയ ഐസോലേഷന്‍ വാര്‍ഡും ക്രമീകരിച്ചു. രണ്ട് തവണയായി ഇതിന്റെ ട്രയല്‍ റണും നടത്തി. വൈറസിന്റെ ഉറവിടം കണ്ടെത്താനായി പറവൂരില്‍ വൗവ്വാലുകളെ പിടികൂടി തുടങ്ങി. ഇതിന്റെ സ്രവം ശേഖരിച്ച് വിദഗ്ദ്ധ പരിശോധനക്ക് അയക്കും.