തൃശ്ശൂര്‍: കവിയും അഭിനേതാവുമായ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സഹോദരന് ദുരിതജീവിതം നയിച്ച് തെരുവില്‍. പറവൂര്‍ ചുള്ളിക്കാട്ട് ചന്ദ്രനെയാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കടത്തിണ്ണയില്‍ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുകയായിരുന്നു ഇദ്ദേഹം. കാന്‍സര്‍ രോഗിയാണ് ജയചന്ദ്രന്.
പറവൂര്‍ പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് അഗതി മന്ദിരത്തിലെത്തിച്ച ഇദ്ദേഹത്തെ കാണാന്‍ ബാലചന്ദ്രന് ചുള്ളിക്കാട് വരണമെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ സന്ദീപ് പോത്താനി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
സന്ദീപ്, സല്‍മ സജിന്‍ എന്നീ സാമൂഹ്യപ്രവര്‍ത്തകരാണ് പറവൂര്‍ നഗരസഭാ ചെയര്‍മാര്‍ രമേഷ് കുറുപ്പിന്റെ അഭ്യര്‍ത്ഥനപ്രകാരം ഇദ്ദേഹത്തെ അഗതിമന്ദിരത്തിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചതിന് ശേഷം നടന് സലീം കുമാര്‍ വഴി ബാലചന്ദ്രന് ചുള്ളിക്കാടിനെ ബന്ധപ്പെട്ടുവെന്നും ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചതെന്നും സന്ദീപിന്റെ കുറിപ്പില്‍ പറയുന്നു.
അന്തരിച്ച എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് സഹോദരനോട് വികാരക്ഷോഭത്താല്‍ പൊട്ടിത്തെറിച്ച അത്രയും മനുഷ്യത്യപരമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയിട്ടുള്ള, ആഴത്തില്‍ കവിതകള്‍ കുറിക്കുന്ന കവിക്ക് സഹോദരന്റെ വിഷമത്തില്‍ ഉള്ള് നോവാതിരിക്കില്ലെന്ന് ഉറപ്പാണെന്നും, താങ്കള്‍ അങ്ങനെ പറയില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ക്കുന്നു. കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതിമന്ദിരത്തിലാണ് ജയചന്ദ്രന് ഇപ്പോഴുള്ളത്.
സഹോദരന് തെരുവിലെത്തിയതും ഈ അവസ്ഥയിലായതും ഇന്നലെയാണ് താന്‍ അറിയുന്നതെന്നും വര്‍ഷങ്ങളായി കുടുംബാംഗങ്ങളുമായി ബന്ധമില്ലെന്നും ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞു. സലീം കുമാര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അഷിതയോട് കുട്ടിക്കാലം മുതലേ അഗാധമായ മാനസിക ബന്ധമുണ്ട്. കുടുംബാംഗങ്ങളുമായി അങ്ങനെയല്ല. വര്‍ഷങ്ങളായി യാതൊരു ബന്ധവും അവരോടില്ല. അഗതിമന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കുമോ എന്ന ചോദ്യത്തോട് വ്യക്തിപരമായി സഹോദരനില്‍ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, വിമര്‍ശനങ്ങള്‍ ഉണ്ടാകാമെങ്കില്‍ തന്നെയും താനതിന് തയ്യാറല്ലെന്നും ചുള്ളിക്കാട് പ്രതികരിച്ചു.
പുറത്ത് നിന്ന് നോക്കുന്ന ഒരാള്‍ക്ക് സഹോദരന് ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ഞാന്‍ ഏറ്റെടുക്കേണ്ടതാണ്, നോക്കേണ്ടതാണ് എന്ന് തോന്നാം. പക്ഷേ ഞാനത് ചെയ്യില്ല, എനിക്കതിന് എന്റേതായ കാരണങ്ങളുണ്ട്.”
ദിവസങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന ജയചന്ദ്രന്റെ ആരോഗ്യനില, പരിചരണവും ഭക്ഷണവും കിട്ടിയതിനെ തുടര്‍ന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനാല്‍ അഗതി മന്ദിരം തന്നെ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്.
Discussion about this post