പാലക്കാട്: ബ്രാഹ്മണരുടെ കാല് കഴുകിയ വെള്ളം തീര്‍ത്ഥമായി ഇതര ജാതിക്കാര്‍ കുടിയ്ക്കുന്ന പ്രാകൃതമായ ക്ഷേത്രാചാരം സാക്ഷര കേരളത്തിലും. ഒറ്റപ്പാലം കണ്ണിയംപുറം കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ബ്രാഹ്മണരുടെ കാല് കഴുകിച്ചൂട്ടല്‍ ചടങ്ങ് നടക്കുന്നത്. അതേസമയം ക്ഷേത്രാചാരത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങാണെന്നും വിവാദമാക്കേണ്ടതില്ലെന്നുമാണ് ഭാരവാഹികളുടെ നിലപാട്.
ജൂണ്‍ രണ്ടു മുതല്‍ നാല് വരെ നടക്കുന്ന ഉത്സവത്തിന്റെ നോട്ടീസിലാണ് കാല് കഴുകല്‍ ചടങ്ങ് നടക്കുന്നതായി പറയുന്നത്. ജൂണ്‍ 3ന് നടക്കുന്ന ചടങ്ങിന്റെ നോട്ടീസ് വീടുകളിലെത്തിയതോടെ വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും പ്രതിഷേധവുമാണ് ഇതിനെതിരെ ഉയരുന്നത്.
കര്‍ണ്ണാടകത്തിലെ മഡൈ സ്നാനത്തിന് തുല്യമായ ആചാരങ്ങള്‍ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കുമെന്ന് പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികള്‍ പറഞ്ഞു. പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിന്റെ കാലത്തേക്ക് നടത്തുകയാണ് കാല് കഴുകല്‍ ആചാരത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പുരോഗമന കലാസാഹിത്യ സംഘം ആരോപിച്ചു.
അതേസമയം ഇത്തരമൊരു ആചാരം നടത്തണമെന്ന് തങ്ങള്‍ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ചടങ്ങ് നടത്താന്‍ താല്പര്യമുള്ളവര് ഉള്ളതുകൊണ്ടാണ് നോട്ടീസ് അടിച്ചതെന്നും ഭാരവാഹികള്‍ വിശദീകരിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.ബ്രാഹ്മണരുടെ കാല് കഴുകിച്ചൂട്ട് സാംസ്കാരിക കേരളത്തിന് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ അറിയിച്ചു. മനുഷ്യരെ ജാതീയമായി വേര്‍തിരിക്കുകയും, വര്‍ണ്ണ വ്യവസ്ഥയെയും മനുസമൃതിയെയും തിരിച്ചുകൊണ്ടുവരാനുള്ള ഈ നീക്കം മനുഷ്യര്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കേണ്ടതാണ്.
ആചാരങ്ങള്‍ ലംഘിച്ചും സമരം ചെയ്തു നാം നേടിയ നവോത്ഥാനത്തെ തച്ചുടക്കാനും വടക്കേ ഇന്ത്യയിലേത് പോലെ അനാചാരങ്ങള്‍കൊണ്ട് സാംസ്കാരിക അധിനിവേശം നടത്തുകയും ചെയ്യുന്ന ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post