മുംബൈ: ചുഞ്ചുനായര്‍ എന്ന പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വളര്‍ത്തുപൂച്ചയുടെ പേരിന് പിന്നാലെ ചേര്‍ത്ത ജാതിപേരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ലോകത്ത്.
ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ചരമവാര്‍ഷിക പരസ്യം വന്നതോടെയാണ് ചുഞ്ചുനായര്‍ വൈറലായത്. സംഭവത്തില്‍ ട്രോളുകള്‍ നിറഞ്ഞതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ചുഞ്ചു നായരുടെ’ ഉടമകള്‍. പൂച്ച കുടുംബത്തിലെ റാണിയായിരുന്നുവെന്നും ജാതിയുമായി പേരിന് ബന്ധമില്ലെന്നുമാണ് ഉടമകള്‍ നല്‍കുന്ന വിശദീകരണം.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് തന്നെ നല്‍കിയ അഭിമുഖത്തിലാണ് കുടുംബാംഗങ്ങള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പൂച്ചയായിരുന്നുവെന്നും അവള്‍ തങ്ങളുടെ റാണിയായിരുന്നുവെന്നുമൊക്കെയാണ് നവി മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളികളായ പൂച്ചയുടെ ഉടമകള്‍ പറയുന്നത്.
തങ്ങള്‍ക്ക് അവള്‍ ഇളയ മകളെ പോലെയായിരുന്നു. അതിനാലാണ് വംശനാമം നല്‍കിയത്. ആ നാല്‍ക്കാലിയും തങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ഒരുപക്ഷേ ആര്‍ക്കും മനസിലാകില്ല. പരിഹാസ രൂപേണ ഇറങ്ങിയിരിക്കുന്ന ട്രോളുകള്‍ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.
ഏകദേശം പതിനെട്ട് വര്‍ഷത്തോളം ചുഞ്ചു തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. വാര്‍ദ്ധക്യ കാലത്തായിരുന്നു അതിന്റെ മരണം. ഇത്രയും നാളുകള്‍ സാധാരണ പൂച്ചകള്‍ ജീവിക്കാറില്ല. വളരെ സ്നേഹിക്കപ്പെട്ട ചുറ്റുപാടായതിനാലാണ് പൂച്ച ഇത്രയും നാള്‍ ജീവിച്ചിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉയര്‍ന്ന ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നുവെന്നും അത് ആരും പരിശീലിപ്പിച്ചതല്ലെന്നും ഉടമകള്‍ പറയുന്നു. അതേസമയം, ഉടമകളെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല.