തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. നാല്‍പതു കിലോ സ്വര്‍ണവും നൂറു കിലോ വെള്ളിയും കാണാതായെന്നത് വ്യാജ പ്രചാരണമാണെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി.
സീനിയര്‍ ഓഡിറ്റര്‍ സീനിയര്‍ ഓഡിറ്റര്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തില്‍ മഹസറുകള്‍ പരിശോധിച്ചാണ് കാണിക്കയായി ലഭിച്ച സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയത്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയിലും കാട്ടാക്കടയിലും പുതിയ കോളജുകള്‍ തുടങ്ങാനും തീരുമാനം.
ഹൈക്കോടതി നിര്‍ദേശപ്രകാരം ലോക്കല്‍ ഫണ്ട് ഓഡിറ്റു വിഭാഗം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് വഴിപാടായി ലഭിച്ച 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളി എന്നിവയുടെ കണക്കില്‍ അവ്യക്തത കണ്ടെത്തിയിരുന്നു. വാര്‍ത്ത വന്നതോടെ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം മന്ത്രി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഓഡിറ്റു വിഭാഗം വിശദ പരിശോധന നടത്തിയത്.
ബോര്‍ഡില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍ കിട്ടാതെ വന്നപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കോടതി ഇടപെടലുണ്ടായത്. 10413 ഉരുപ്പടികള്‍ സ്‌ട്രോങ് റൂമിലുണ്ടെന്നു കണ്ടെത്തിയെന്നും, സ്വര്‍ണം, വെള്ളി എന്നിവയുടെ കണക്കില്‍ വ്യാത്യാസമില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു
പ്രയാര്‍ ഗോപാലകൃഷ്ണന് ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും പത്മകുമാര്‍ ആരോപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബോര്‍ഡ് സജീവമാകാനും പത്തനംതിട്ട ആയിരവല്ലം ക്ഷേത്രത്തിന്റെ അഞ്ചേക്കര്‍ ഭൂമിയില്‍ ലോ കോളജും കാട്ടാക്കടയില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് തുടങ്ങാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.