കോട്ടയം: നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പിജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കരുതെന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന് എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്കി.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറിന്റെ അഭാവത്തില്‍ ഡെപ്യൂട്ടി ലീഡര്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ ചുമതല പാര്‍ട്ടി ഭരണഘടന അനുസരിച്ച് ലഭിക്കുന്നതല്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ലീഡറെ തെരഞ്ഞെടുക്കേണ്ടതാണെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ നിശ്ചയിച്ച് അറിയിക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും റോഷി അഗസ്റ്റിന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ കക്ഷി നേതാവായിരുന്ന കെഎം മാണിയുടെ ഇരിപ്പിടം പിജെ ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിനെ എതിര്‍ത്താണ് ജോസ് കെ മാണി പക്ഷം ഇപ്പോള്‍ സ്പീക്കര്‍ക്ക് മറ്റൊരു കത്ത് നല്‍കിയിരിക്കുന്നത്.
ഡെപ്യൂട്ടി പാര്‍ലമെന്ററി ലീഡറായിരുന്ന പിജെ ജോസഫിനാണ് നിയമസഭാ കക്ഷി നേതാവിന്റെ ചുമതല നല്‍കിയിരിക്കുന്നതെന്നും ഇതിനാല്‍ നിയമസഭയിലെ കെഎം മാണിയുടെ ഇരിപ്പിടം പിജെ ജോസഫിന് നല്‍കണമെന്നായിരുന്നു മോന്‍സ് ജോസഫിന്റെ ആവശ്യം. മോന്സിന്റെ കത്ത് സ്പീക്കര്‍ പരിഗണിക്കുന്നതിനിടെയാണ് ജോസ് കെ മാണി പക്ഷത്തു നിന്നും ഇതിനെ എതിര്‍ത്ത് റോഷി അഗസ്റ്റിന് എംഎല്‍എയും കത്ത് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ആരംഭിച്ചിരിക്കുന്നത്.
Discussion about this post