തിരുവനന്തപുരം: വിറ്റുപോകാതിരുന്ന ലോട്ടറി ടിക്കറ്റ് വില്‍ക്കാനായി ആളുകളുടെ പിന്നാലെ നടന്നു കെഞ്ചി. വാങ്ങാന്‍ വേണ്ടി അപേക്ഷിച്ചെങ്കിലും ആരും വാങ്ങിയില്ല. ആ ടിക്കറ്റില്‍ ഭാഗ്യദേവത ഒളിപ്പിച്ചുവച്ച ഭാഗ്യം ചെല്ലയ്യയ്ക്കുള്ളതായിരുന്നു.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ വിഷു ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ ലോട്ടറിയടിച്ചത് വാഴക്കുളത്തു ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന തമിഴ്നാട് തിരുനെല്‍വേലി കോട്ടെ കരികുളം സ്വദേശി ചെല്ലയ്യയ്ക്കായിരുന്നു.
അഞ്ചു കോടി തേടി വന്നപ്പോഴും ഒന്നാം സമ്മാനം ലഭിച്ച വിവരം ഭയം മൂലം ഇയാള്‍ ആരോടും പറയാതെ സൂക്ഷിക്കുകയായിരുന്നു. ചെല്ലയ്യയുടെ കൈവശമുണ്ടായിരുന്ന യുബി 532395 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിഷു ബംപര്‍ ഒന്നാം സമ്മാനം വാഴക്കുളത്ത് വിറ്റ ടിക്കറ്റിനാണെന്ന് വ്യാഴാഴ്ച വൈകിട്ടുതന്നെ വ്യക്തമായെങ്കിലും ആരാണ് ആ ഭാഗ്യവാന് എന്ന് ആരും അറിഞ്ഞില്ല.
കാത്തിരിപ്പിന്റെ മുഹൂര്‍ത്തങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ ആ ഭാഗ്യവാന് വാഴക്കുളം എസ്ബിഐ ശാഖയില്‍ എത്തി. ഹോട്ടല്‍ ജീവനക്കാരനായി 10 വര്‍ഷം മുന്‍പു വാഴക്കുളത്ത് എത്തിയ ചെല്ലയ്യ ഭാര്യ സുമതി, മക്കളായ സഞ്ജീവ്, ശെല്‍വ നമിത എന്നിവരോടൊപ്പം കല്ലൂര്‍ക്കാട് കവലയിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ജീവിതമാര്‍ഗമായി ഒരു വര്‍ഷം മുന്‍പാണ് ലോട്ടറി ടിക്കറ്റ് വില്പന ആരംഭിച്ചത്. വാഴക്കുളത്തുള്ള ലോട്ടറി ടിക്കറ്റ് ഏജന്‍സിയില്‍ നിന്നു ടിക്കറ്റുകള്‍ വാങ്ങി വില്പന നടത്തുകയാണ്. വിഷു ബംപര്‍ നറുക്കെടുപ്പു നടന്ന വ്യാഴാഴ്ച വില്‍പനയ്ക്കിറങ്ങിയെങ്കിലും രണ്ടു ടിക്കറ്റുകള്‍ വില്‍ക്കാനായില്ല. ഇതുമായി ഒരുപാടു പേരുടെ പിറകെ നടന്നെങ്കിലും ആരും വാങ്ങിയില്ല. പിന്നീടു കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നു. അതിലാണ് ചെല്ലയ്യയെ ഭാഗ്യദേവത കടാക്ഷിച്ചത്.
ഹോട്ടല്‍ ജീവനക്കാരനായി 10 വര്‍ഷം മുന്‍പു വാഴക്കുളത്ത് എത്തിയ ചെല്ലയ്യ ഭാര്യ സുമതി, മക്കളായ സഞ്ജീവ്, ശെല്‍വ നമിത എന്നിവരോടൊപ്പം കല്ലൂര്‍ക്കാട് കവലയിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തമായൊരു വീട് നിര്‍മ്മിക്കാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പണം വിനിയോഗിക്കുമെന്ന് ചെല്ലയ്യ പറഞ്ഞു.
Discussion about this post