ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ആലപ്പുഴയില്‍ ഇടതുപക്ഷത്തിന്റെ ശക്തിയായി എഎം ആരിഫ്. ആരിഫിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന് കീഴടങ്ങിയത്.
മണ്ഡലത്തിലെ ജനകീയതയാണ് ആരിഫിന് തുണയായത്. ന്യൂനപക്ഷ സമുദായക്കാരനായ ആരിഫിനെതിരെ അതേ സമുദായത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും കേരളത്തില്‍ ആകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗവും ഷാനിമോള്‍ ഉസ്മാന് തുണയായില്ല.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഫലങ്ങള്‍ മാറിമറിഞ്ഞു. പലപ്പോഴും ഷാനിമോള്‍ ഉസ്മാന് ലീഡ് ചെയ്തു. ഒരു തവണ 2000ലേറെ ലീഡ് നേടുകയും ചെയ്തു. 11 മണിക്ക് ശേഷമാണ് ആരിഫ് ലീഡുയര്‍ത്താന്‍ തുടങ്ങിയത്. വളരെ പതുക്കെയാണ് ലീഡ് ഉയര്‍ന്നത്. ഒടുവില്‍ 95.87 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 426863 വോട്ടുകള്‍ നേടി 9069 വോട്ടുകളുടെ ലീഡാണ് ആരിഫിനുള്ളത്.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി. അരൂര്‍ സിറ്റിങ് എംഎല്‍എയാണ് എഎം ആരിഫ്. 2006 മുതല്‍ അരൂരില്‍ തുടര്‍ച്ചയായി വിജയിക്കുന്നു. 2006ല്‍ കെആര്‍ ഗൗരിയമ്മയെ തോല്‍പ്പിച്ചാണ് അരൂര്‍ പിടിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ സ്ഥാനാര്‍ഥികളില്‍ മൂന്നാമതെത്തിയിരുന്നു.
എന്നാല്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ ഉസ്മാനേക്കാള്‍ 678 വോട്ടുകള്‍ക്ക് പിറകിലാണ്. അമ്പലപ്പുഴയിലും ഹരിപ്പാടും കരുനാഗപ്പള്ളിയിലും ഷാനിമോള്‍ ആരിഫിനേക്കാള്‍ നേട്ടം കൊയ്തു. അതേസമയം, ചേര്‍ത്തല, ആലപ്പുഴ, കായംകുളം നിയമസഭാ മണ്ഡലങ്ങളാണ് ആരിഫിനൊപ്പം നിന്നത്.
പുന്നപ്ര വയലാര്‍ സമരം പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അഭിമാന പോരാട്ടം നടന്ന ആലപ്പുഴയില്‍ പക്ഷേ, ഇതുവരെ നേരിട്ട 13 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലു തവണ മാത്രമാണ് എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നത്. 2009ലും 2014ലും കോണ്‍ഗ്രസിന്റെ കെസി വേണുഗോപാല്‍ നിലനിര്‍ത്തിയ സീറ്റാണ് ആലപ്പുഴ. കഴിഞ്ഞ തവണ കെസി വേണുഗോപാല്‍ 19,407 വോട്ടുകള്‍ക്കായിരുന്നു സിപിഎം സ്ഥാനാര്‍ഥി സിബി ചന്ദ്രബാബുവിനെ തോല്‍പ്പിച്ചത്.
Discussion about this post