തൃശ്ശൂര്‍: മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി വേണോ, അതുമല്ലെങ്കില്‍ പാളത്തൊപ്പി, കുട്ടികള്‍ക്ക് നല്ല കിടിലന്‍ ബാഗ്, ഒറ്റ ക്ലിക്കില്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും സംസ്ഥാനത്തെ ആദിവാസി സംരംഭകര്‍. പരമ്പരാഗത അറിവിനൊപ്പം സ്വന്തം കഴിവും ഒത്തിണക്കി അവര്‍ തീര്‍ത്ത ഈടുറ്റ ഉല്പന്നങ്ങള് ആമസോണ്‍ ഓണ്‍ലൈന്‍ സൈറ്റില്‍ വില്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്. സംസ്ഥാന പട്ടികജാതി ക്ഷേമവകുപ്പാണ് ഈയൊരു പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയിരിക്കുന്നത്.
പട്ടികജാതി, വര്‍ഗ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഇടപെടല്‍. പുട്ടുകുറ്റിയും പാളത്തൊപ്പിയും മാത്രമല്ല ബെഡ് ലാംപ്, കൂജ, വാട്ടര്‍ ബോട്ടില്‍, വിശറി, കുട്ട, ലൈറ്റ് ഹോള്‍ഡര്‍, ബാഗുകള്‍ എന്നിങ്ങനെ നീളുന്നു പട്ടികജാതി, വര്‍ഗ സംരംഭകരുടെ ആമസോണ്‍ കച്ചവടവസ്തുക്കളുടെ ലിസ്റ്റ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവ ഉപയോഗിച്ചാണ് മിക്കതും നിര്‍മിച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ സംരംഭകരുടെ പ്രതിഭയുടെ സാക്ഷ്യംകൂടിയാണ്.
‘ഗദ്ദിക’ എന്ന ബ്രാന്‍ഡിലാണ് ഉല്പന്നങ്ങള് ആമസോണിലുള്ളത്. വില സഹിതമുള്ള വിവരങ്ങള്‍ ലഭ്യമാകും. നിലവില്‍ 50ലധികം ഉല്പന്നങ്ങള് ആമസോണിലുണ്ട്. 200 ഉല്പന്നങ്ങള് എത്തിക്കുകയാണ് ലക്ഷ്യം. വയനാടന്‍ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയും ഉടന്‍ ആമസോണ്‍ വഴി വിറ്റഴിക്കും. ഇതിനായി ഭക്ഷ്യസുരക്ഷ ലൈസന്‍സ് അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ്.
പട്ടികവര്‍ഗ, പട്ടികജാതി സംരംഭകര്‍ക്ക് വിപണി കണ്ടെത്താനും മികച്ച വരുമാനം ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ആമസോണ്‍ വഴിയുള്ള വില്പനയെന്ന് പട്ടികജാതി ക്ഷേമ വകുപ്പ് ഡയറക്ടര്‍ അലി അസ്കര്പാഷ ഐഎഎസ് അറിയിച്ചു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗദ്ദിക മേളയില്‍ ഇവരുടെ ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍, പാക്കിങ്ങില്‍ ഉള്‍പ്പെടെയുള്ള പോരായ്മകള്‍ വിപണി പിടിക്കുന്നതിന് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ സംരംഭകരുടെ യോഗം വിളിച്ച് പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി. തുടര്‍ന്നാണ് ഉല്പന്നങ്ങള് ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സാധ്യത ഉള്‍പ്പെടെ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.
കേരളത്തിന്റെ പരമ്പരാഗതമായ തനത് ഉല്‍പ്പന്നങ്ങള്‍ ഇനി ലോകത്തെവിടെനിന്നും ആര്‍ക്കും ആമസോണിലൂടെ വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റ ക്ലിക്കിലൂടെ അത് ഉപഭോക്താക്കളിലെത്തുമ്പോള്‍ അത് പട്ടികവര്‍ഗ, പട്ടികജാതി സംരംഭകര്‍ക്ക് ഒരു കൈത്താങ്ങുകൂടിയാകും.
Discussion about this post