കൊച്ചി: പ്രാര്‍ത്ഥനകളും കാരുണ്യവും ഒരുമിച്ചപ്പോള്‍ ആ കുഞ്ഞ് മാലാഖ ജീവിതത്തിലേക്ക് മടങ്ങി. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയ എട്ട് ദിവസം പ്രായമുള്ള കുഞ്ഞ് വിജയകരമായ ഹൃദ്രോഗ ചികില്‍സയ്ക്കുശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് മടങ്ങി. ആശുപത്രി അധികൃതര്‍ കേക്കുമുറിച്ച് സന്തോഷം പങ്കുവെച്ചാണ് കുടുംബത്തെ യാത്രയാക്കിയത്.
ഈ മാസം എട്ടിനാണ് മലപ്പുറം എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞു ജനിച്ചത്. ജനിക്കുമ്പോള്‍ ഹൃദയത്തിന്റെ വലത്തെ അറയില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വും രക്തക്കുഴലും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും ഉണ്ടായിരുന്നു. സൗകര്യമുള്ള ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന ഡോക്ടര്‍ നിര്‍ദേശിച്ചു.
‘എന്റെ സഹോദരി ബുധനാഴ്ച രാവിലെ കുഞ്ഞിന് ജന്മം നല്കി. കുട്ടിയുടെ ഹൃദയ വാല്‍വിന് തകരാറുണ്ട്. തിരുവനന്തപുരം ശ്രീചിത്രയിലും കൊച്ചി അമൃത ആശുപത്രിയിലും വിളിച്ചുനോക്കിയെങ്കിലും ബെഡ് ഒഴിവില്ലെന്നാണ് പറഞ്ഞത്. എത്രയും പെട്ടെന്ന് സഹായം ചെയ്തുതരാമോ’ എന്ന് ജിയാസ് മാടശ്ശേരി ഫേസ്ബുക്കിലൂടെ നടത്തിയ അഭ്യര്‍ഥനയിലാണ് ഉടനടി ആരോഗ്യ മന്ത്രി ഇടപെട്ടത്.
‘ഹൃദ്യം’ പദ്ധതിയുടെ ആംബുലന്‍സ് പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും എന്നായിരുന്നു മന്ത്രിയുടെ മറുപടി. നടപടിയെടുത്തിട്ടാണ് മന്ത്രി വിവരമറിയിച്ചത്. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് ലിസി ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യചികിത്സ ഒരുക്കുകയായിരുന്നു.
ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. ഒരുദിവസം മാത്രം പ്രായമായ കുഞ്ഞില്‍ ഇത്തരം ചികിത്സ വലിയ വെല്ലുവിളിയായിരുന്നെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോ എഡ്വിന് ഫ്രാന്‍സിസ് പറഞ്ഞു.
ചികിത്സയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇനി രണ്ടുഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ രണ്ടുഘട്ടത്തിലും ശസ്ത്രക്രിയ ആവശ്യമാണ്. ഓരോമാസം കൂടുമ്പോഴും തുടര്‍പരിശോധന നടത്തണം. ആദ്യ ശസ്ത്രക്രിയ ഒരു വയസാകുമ്പോഴും രണ്ടാമത്തെ ശസ്ത്രക്രിയ അഞ്ച് വയസിനും ആറ് വയസിനും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേക്ക് മുറിച്ചാണ് ആശുപത്രി അധികൃതര്‍ കുഞ്ഞിന് നാട്ടിലേക്ക് യാത്രയയപ്പ് നല്‍കിയത്. അവള്‍ക്കിടാന്‍ പുത്തനുടുപ്പുകളും സമ്മാനമായി നല്കി. ജംഷീല-ഷാജഹാന് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. ഷാജഹാന് സൗദി അറേബ്യയിലെ വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. മൂത്തമകന് ഷിഫിന് റോഷന് ആറുവയസുണ്ട്.
Discussion about this post