കോഴിക്കോട്: കോമയിലായ അച്ഛനെ ഉണര്‍ത്താന്‍ ഉറക്കെ വായിച്ച് പഠിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആര്യയ്ക്ക് ലാപ്ടോപ്പ് നല്കി വാക്ക് പാലിച്ച് കോഴിക്കോട് കളക്ടര്‍ സാമ്പ ശിവ റാവു.
വാഹനാപകടത്തില്‍ പെട്ട് തലയ്ക്ക് ഗുരുതരപരുക്കേറ്റ് കിടപ്പിലായ അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞുകൊടുത്ത മാര്‍ഗമാണ് ആര്യയെ മികവിന്റെ ഉദാഹരണമാക്കിയത്.
ആര്യയുടെ വാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയ ജില്ലാ കളക്ടര്‍ സാമ്പ ശിവ റാവു ആര്യക്ക് പഠിക്കാനുള്ള എല്ലാ സാഹചര്യവും സഹായത്തിനായി ലാപ്ടോപ്പും വാഗ്ദാനം ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്കകം ജില്ലാ കളക്ടര്‍ സാംബശിവ റാവുവില്‍ നിന്നും നേരിട്ട് ലാപ്ടോപ് വാങ്ങാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആര്യ രാജ്.
സ്വന്തമായി വീടു പോലുമില്ലാത്ത ആര്യക്ക് ഇത്ര പെട്ടെന്ന് ലാപ്ടോപ്പ് കിട്ടിയത് സ്വപ്നം പോലെയാണ് തോന്നുന്നത്. ലാപ്ടോപ്പ് ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആര്യ പറയുന്നു. മാതൃസ്നേഹം ചാരിറ്റബില്‍ മാനേജിങ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പി ഷാനാണ് ആര്യക്കുള്ള ലാപ്ടോപ്പ് സ്പോണ്സര് ചെയ്തത്. കൂടാതെ പഠനസഹായത്തിനായി സ്റ്റഡി ടേബിള്‍, കസേര എന്നിവയും നല്‍കിയിട്ടുണ്ട്.
Discussion about this post