തൃശൂര്‍ പൂരം കോപ്പിറൈറ്റ് വിവാദം: ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല, ആരോപണങ്ങളില്‍ പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

മുംബൈ: തൃശൂര്‍ പൂരത്തിന്റെ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് വിവാദങ്ങളില്‍ പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു പങ്കുമില്ലെന്നും വിവാദങ്ങളും കോപ്പി റൈറ്റിനെ കുറിച്ചുള്ള അവകാശവാദങ്ങളും കേള്‍ക്കുമ്പോള്‍ വളരെ ദുഃഖമാണ് തോന്നുന്നത് എന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ആദ്യ പ്രതികരണം.

രത്നഗിരിക്കടുത്ത് മാല്‍വാണിയില്‍ നടക്കുന്ന ഷൂട്ടിംഗ് തിരക്കിനിടയിലാണ് താന്‍ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

എന്തിലും ഏതിലും ജാതിമത വിഭാഗീയത ചിന്തകള്‍ കോര്‍ത്തിണക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ പ്രവണത കേരളത്തിലെ സ്വീകരണ മുറികളിലും എത്തിപ്പെട്ടോയെന്നാണ് ഈ വിവാദം തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും റസൂല്‍ പൂക്കുട്ടി ആശങ്ക പ്രകടിപ്പിച്ചു. പ്രബുദ്ധരായ മലയാളികള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകളില്‍ നിന്നും മാറി നില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും റസൂല്‍ മുന്നറിയിപ്പ് നല്‍കി.

അടിസ്ഥാനരഹിതമായ ആരോപണവും ചര്‍ച്ചകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

തൃശൂര്‍ പൂരത്തിന്റെ ഓഡിയോ താന്‍ റെക്കോര്‍ഡ് ചെയ്തത് ഒരു സൗണ്ട് ഡിസൈനര്‍ എന്ന നിലക്കായിരുന്നുവെന്നും റെക്കോര്‍ഡ് ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് സിനിമയെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും റസൂല്‍ വ്യക്തമാക്കി. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ലെന്നും റസൂല്‍ പറഞ്ഞു.

തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പി റൈറ്റ് സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്.

സോണി ടിവിക്കു വിതരണാവകാശം മാത്രമാണ് കൊടുത്തിട്ടുള്ളതെന്നും വേറൊരു അവകാശവും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേരെയുള്ള ആരോപണത്തില്‍ അപാകതയുണ്ടെന്നും റസൂല്‍ പറഞ്ഞു.

ഇതിനെ മതേതരത്വത്തിലേക്കു വലിച്ചിഴച്ചു കൊണ്ട് വരാനുള്ള ശ്രമവും ആസൂത്രിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണം ഉന്നയിച്ചവരും തൃശൂര്‍ പൂരത്തെ കച്ചവടമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version