തൃശ്ശൂര്‍: തൃശൂരിലെ പ്രമുഖ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആറുവയസ്സുകാരി സോന മോളുടെ ദാരുണാവസ്ഥ മലയാളികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സൈബര്‍ ലോകവും ട്രോളന്മാരും വിഷയം ഏറ്റെടുത്തതോടെ അടിയന്തര നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് സോന.
സോന മോളുടെ ദാരുണാവസ്ഥ കേട്ടറിഞ്ഞ്, സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പോലും നിര്‍ത്തിവച്ച് സന്തോഷ് പണ്ഡിറ്റ് സോന മോളെ കാണാന്‍ ആശുപത്രിയിലെത്തി. മാതാപിതാക്കള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവിലെത്തിയാണ് സന്തോഷ് കണ്ടത്. സോനമോളെ കണ്ട കാര്യം സന്തോഷ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കല്‍ കോളജില്‍ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടെ ‘ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ്’ എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് സോന മോള് ഗുരുതരാവസ്ഥയിലായത്.
പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിനും രോഗം ബാധിച്ചതായി മനസ്സിലായത്. തുടര്‍ന്ന് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
അവിടെനിന്ന് രണ്ടുതവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കുള്ള രക്തപരിശോധനയില്‍ അണുബാധ കണ്ടതിനാല്‍ പെട്ടെന്ന് സാധ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് സംവിധാനം ഒരുക്കിയത്.
Discussion about this post