തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രനെ ചൊല്ലിയുള്ള തൃശ്ശൂര്‍ പൂരത്തിന്റെ പ്രതിസന്ധിയ്ക്ക് തത്കാല ആശ്വാസം. തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരച്ചടങ്ങില്‍ പങ്കെടുപ്പിക്കാനും സാധ്യത തെളിഞ്ഞു. ആന ഉടമ സംഘവുമായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും വിഎസ് സുനില്‍കുമാറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ പങ്കെടുക്കുക. രാമനെ പൂരത്തിന് എഴുന്നള്ളിക്കില്ലെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കോടതിയിലും കേസ് പരിഗണിക്കുന്നുണ്ട്. പൂരം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭംഗിയായി നടത്തും. സര്‍ക്കാരിന്റെ നിലപാടുകളോട് ആന ഉടമ സംഘവും അനുകൂലിച്ചു.
ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാലുടന്‍ ചര്‍ച്ച നടത്താനും തീരുമാനമായി.
തൃശൂര്‍ ജനതയ്ക്കും ആനയുടമകള്‍ക്കും ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നും ആനവിലക്ക് പിന്‍വലിക്കുന്നതില്‍ തീരുമാനം നാളെയെടുക്കുമെന്നും ആന ഉടമാ സംഘം പ്രസിഡന്റ് കെബി ഗണേശ് കുമാര്‍ പറഞ്ഞു.
പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല എന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട്ട്കാവ് ദേവസ്വം നല്‍കിയ ഹര്‍ജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്.
വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂരം വിളംബരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയില്‍ ആന ഒരിക്കല്‍ പോലും അക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിങ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിന്‍ബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന് ഒരു ഡോക്ടര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം.
അതേസമയം, തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടിവി അനുപമ. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു.
Discussion about this post