കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിച്ച് ആദ്യം മരണപ്പെട്ട പേരാമ്പ്ര സ്വദേശിയായ സാബിത്ത് വവ്വാലിനെ കൈകൊണ്ട് എടുത്തിരുന്നെന്നും വവ്വാലിന്റെ രക്തം സാബിത്തിന്റെ ശരീരത്തില്‍ പുരണ്ടിരുന്നുവെന്നും പുതിയ വെളിപ്പെടുത്തല്‍.
സൂപ്പിക്കട നിവാസിയും നിപ ബാധിച്ച് മരിച്ച മൂസയുടെ സുഹൃത്തുമായ ബീരാന് കുട്ടിയാണ്, സാബിത്ത് വവ്വാലിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി പറയുന്നത്. ഒരു ബൈക്ക് യാത്രക്കിടെയാണ് സംഭവം നടന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. യാത്രക്കിടെ അപകടത്തില്‍ പെട്ട വവ്വാലിനെ കൈകൊണ്ട് എടുത്ത് മാറ്റിയ സാബിത്തിന്റെ കയ്യില്‍, വവാലിന്റെ രക്തം പുരണ്ടിരുന്നു എന്നാണ് ബീരാന് കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.
സാബിത്തിന് നിപ വൈറസ് പകര്‍ന്നത് വവ്വാലില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പും വിദഗ്ധരും ഉറപ്പിച്ച് പറയുമ്പോഴും എങ്ങനെയാണ് അത് എത്തിയതെന്നതിനെ പറ്റി സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിപ ബാധിച്ച് സാബിത്തിന്റെ ഉപ്പയും സഹോദരനും മരണപ്പെട്ടിരുന്നു.
ബീരാന്‍കുട്ടി നേരത്തെ ഇക്കാര്യം പറയാതിരുന്നതിനാല്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധനയിലും ഈ വിഷയം ഉള്‍പ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് സാബിത്തുനൊപ്പം പോയ ഒരു ബൈക്ക് യാത്രയെകുറിച്ച് ബീരാന് കുട്ടി പറയുന്നത്.
ഒപ്പം ഒന്നിച്ച് സഞ്ചരിച്ചിട്ടും തനിക്ക് നിപ വൈറസ് ബാധിച്ചില്ലെന്നത് ബീരാന്‍കുട്ടിക്ക് അത്ഭുതമായാണ് തോന്നുന്നത്. നിപ വൈറസ് ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകി എന്നതിനാല്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
Discussion about this post