കവിതാ മോഷണ വിവാദം: പ്രിന്‍സിപ്പാളിനോട് യുജിസി റിപ്പോര്‍ട്ട് തേടി

തൃശ്ശൂര്‍: എഴുത്തുകാരിയും കേരളവര്‍മ്മാ കോളേജ് അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ ഉയര്‍ന്ന കവിതാ മോഷണ വിവാദത്തില്‍ തേടി യുജിസി റിപ്പോര്‍ട്ട്. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേരള വര്‍മ കോളേജ് പ്രിന്‍സിപ്പലിന് യുജിസി നോട്ടീസ് അയച്ചു.

യുവകവി എസ് കലേഷിന്റെ കവിത സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ച സംഭവമാണ് വിവാദമായത്. എന്തൊക്കെയാണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നും കവിതാ മോഷണ വിവാദത്തില്‍ കോളേജ് മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കണമെന്നും യുജിസി ആവശ്യപ്പെട്ടു. കോളേജ് തലത്തില്‍ എന്തെങ്കിലും അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ട് നല്‍കണമെന്നും കത്തില്‍ പറയുന്നു.

തൃശൂര്‍ സ്വദേശി സിആര്‍ സുകു യുജിസിക്ക് നല്‍കിയ പരാതിയിലാണ് നടപടി. അധ്യാപികയെന്ന നിലയിലുള്ള സത്യന്ധത ചോദ്യം ചെയ്തുകൊണ്ടായിരുന്നു പരാതി. കവിത താന്‍ എഴുതിയതല്ലെന്നും എം.ജെ.ശ്രീചിത്രന്‍ താനെഴുതിയ കവിതയാണെന്ന് പറഞ്ഞ് നല്‍കിയതാണ് കവിതയെന്നും പിന്നീട് ദീപ നിശാന്ത് വെളിപ്പെടുത്തിയിരുന്നു. കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചതിന് ദീപ മാപ്പു പറയുകയും ചെയ്തിരുന്നു.

Exit mobile version