തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാം തീര്‍ന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയെ കാണാന്‍ എത്തി. മുറ്റിച്ചൂരിലെ ശ്രീലക്ഷ്മിയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. സുരേഷ് ഗോപി തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
എറവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാറിനടുത്തേക്ക് ഓടി വന്ന ശ്രീലക്ഷ്മിയെ നന്മകള് ഉണ്ടാകട്ടെയെന്ന് വയറില്‍ കൈവച്ച് അനുഗ്രഹിച്ച സുരേഷ് ഗോപിക്ക് ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതോടെ സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഭാര്യ രാധിക സുരേഷ് ശ്രീലക്ഷ്മിയെ സന്ദര്‍ശിച്ചിരുന്നു.
ഗര്‍ഭിണിയായ സ്ത്രീകളെ കണ്ടാല്‍ ഭഗവാന് പോലും എഴുന്നേറ്റു നില്ക്കും എന്ന രീതിയിലുള്ള സംസ്കാരത്തില്‍ വിശ്വസിക്കുന്ന ആളുകളാണ് തങ്ങളെന്നും അത് മനസ്സിലാക്കാന്‍ കഴിയാതെ വിമര്‍ശിക്കുന്നവരോട് മറുപടി പറയാന്‍ ഇല്ലെന്നും രാധിക പറഞ്ഞു.
കുട്ടിയുണ്ടായി കഴിഞ്ഞാല്‍ പേരിടലിനു സുരേഷ് ഗോപി എത്തുമെന്നറിയിച്ച് രാധിക പോയെങ്കിലും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് സുരേഷ് ഗോപി നേരിട്ട് മുറ്റിച്ചൂരിലെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം സല്ലപിച്ചും, വിഭവസമൃദ്ധമായ സദ്യ കഴിച്ചുമാണ് മടങ്ങിയത്. ശ്രീലക്ഷ്മിക്കായി കൊണ്ടു വന്ന ഉപഹാരവും നല്‍കിയാണ് സുരേഷ് ഗോപി യാത്രയായത്.
നേരത്തെ ഈ വിഷയത്തില്‍ പ്രതികരിച്ച സുരേഷ് ഗോപി, ‘ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രത്തോളം ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലായത് കൊണ്ടും ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചത് കൊണ്ടും പേടിയുണ്ട്. ആ ഗര്‍ഭിണിയെ വാരിപ്പുണര്‍ന്ന് ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമാകില്ലല്ലോ’- എന്നാണ് അഭിപ്രായപ്പെട്ടത്.
Discussion about this post