തിരുവനന്തപുരം: കാസര്‍കോട്ട് മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. മുഹമ്മദ് ഫയസ്, കെഎം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി ടിക്കാറാം മീണ അറിയിച്ചു.
കള്ള വോട്ട് ചെയ്തതായി കെഎം മുഹമ്മദ് കലക്ടര്‍ക്ക് മൊഴി നല്‍കി. കള്ള വോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കും. ഇവര്‍ക്കെതിരെ സെക്ഷന്‍ 171 സി, ഡി, എഫ്, ജി പ്രകാരം നടപടിയെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ 69, 70 ബൂത്തുകളിലാണ് കള്ള വോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്. അബ്ദുല്‍ സമദ് ഓരേ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്തു. കെഎം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി. ഒരാള്‍ കള്ളവോട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയതായും മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അറിയിച്ചതായും മീണ പറഞ്ഞു. വിഷയത്തില്‍ കലക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും അവരും നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post