കിഴക്കമ്പലം: കൗതുകത്തിന് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തി, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കിഴക്കമ്പലം ടൗണിലുള്ള സ്വകാര്യവ്യക്തിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് കഞ്ചാവ് ചെടി പരിപാലിച്ച് വളര്‍ത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.
ബീഹാര്‍ സ്വദേശികളായ ബലായി താക്കൂര്‍, രാജീവ് താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്.
ഉദ്ദേശം അഞ്ച് മാസം പ്രായമായ ആറടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇത് പാകമായി പൂക്കാറായ അവസ്ഥയിലായിരുന്നു.
നാട്ടില്‍ പോയപ്പോള്‍ ലഭിച്ച കഞ്ചാവ് വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് പരിപാലിച്ച് വളര്‍ത്തിയതാണെന്നാണ് ഇവര്‍ എക്‌സൈസിന് മൊഴി നല്‍കിയത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടി വരുന്നതിനാല്‍ ഇത്തരം തൊഴിലാളികള്‍ക്ക് നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ ആണോ വാടകയ്ക്ക് വീട് നല്‍കിയിട്ടുള്ളതെന്ന് അന്വേഷണം നടത്തുമെന്നും ഇത്തരം ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേകം നിരീക്ഷണം നടത്തുന്നതടക്കമുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇരുവരെയും കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.