പത്തനംതിട്ട: പത്തനംതിട്ടയിലെ മൂന്ന് ഷാപ്പുകളിലെ കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തി. തുടര്‍ന്ന് ഷാപ്പുകള്‍ അടച്ച് പൂട്ടാന്‍ എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശം. പത്തനംതിട്ട റേഞ്ചിലെ ടി എസ് 16 പരിയാരം, ടി എസ് 12 തറയില്‍ മുക്ക്, കോന്നി റേഞ്ചില്‍ ടി എസ് ഏഴ് പൂങ്കാവ് എന്നീ ഷാപ്പുകളാണ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇവിടെ നിന്ന് എടുത്ത കള്ളിന്റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. കനാബിനോയ്ഡ് എന്ന നിരോധിത മയക്കുമരുന്നിന്റെ സാന്നിധ്യമായിരുന്നു ഈ ഷാപ്പുകളിലെ കള്ളില്‍ കണ്ടെത്തിയത്. ഈ ലഹരിയില്‍ കഞ്ചാവ് ഓയിലിന്റെ അംശം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ മറ്റ് കള്ളുഷാപ്പുകളിലും ഇതുസംബന്ധിച്ച പരിശോധന നടന്നുവരികയാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജി മുരളീധരന്‍ നായര്‍ പറഞ്ഞു.
ഷാപ്പുകളുടെ ഉടമകളായ കുമ്പഴ ആലുനില്‍ക്കുന്നതില്‍ കുഞ്ഞുമോന്‍, കോഴഞ്ചേരി മെഴുവേലി അജിഭവനത്തില്‍ എ.ജെ.അജി, പീരുമേട് കൊക്കയാര്‍ കാക്കനാട് വീട്ടില്‍ റെജി ജോര്‍ജ്, മാനേജര്‍മാരായ ഇലന്തൂര്‍ കിഴക്കേതില്‍ അനിലാല്‍, കൊല്ലം തൃക്കടവൂര്‍ ഇടവിനാട്ട് ചന്ദ്രന്‍, കോന്നി മങ്ങാരം വെളിയത്ത് മേലേതില്‍ രാജുക്കുട്ടന്‍ എന്നിവര്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടൂര്‍ റേഞ്ചിലെ അഞ്ച് ഷാപ്പ് എക്‌സൈസ് പൂട്ടിച്ചിരുന്നു.