കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ മുസ്ലിംലീഗുകാര്‍ കൂട്ടത്തോടെ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.കല്യാശ്ശേരിയിലെ മാടായിലെ 69, 70 എന്നീ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ എല്‍ഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട മുസ്ലിംലീഗിന് നിര്‍ണായക സ്വാധീനമുള്ള മാടായി പഞ്ചായത്തില്‍ പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരാള്‍തന്നെ രണ്ടും മൂന്നും വോട്ടു ചെയ്യുകയാണ്. മുട്ടം ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂളിലും വന്‍തോതില്‍ കള്ളവോട്ട് നടന്നിട്ടുണ്ട്.
ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69ാം ബൂത്തിലെ 387ാം നമ്പര്‍ വോട്ടറായ ലീഗ് പ്രവര്‍ത്തകന്‍ എസ്‌വി മുഹമ്മദ് ഫായിസ് (ചുവപ്പും കറുപ്പും ബനിയന്‍ ധരിച്ചയാള്‍) എഴുപതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യമാണ് ആദ്യം കാണുന്നത്. സ്വന്തം ബൂത്തായ 69ാം നമ്പറിലും ഇയാള്‍ വോട്ടു ചെയ്യുന്നു.
69ാം ബൂത്തിലെ 76ാം നമ്പര്‍ വോട്ടറായ കെഎം ആഷിഖ് (വരയന്‍ ബനിയന്‍ ധരിച്ചയാള്‍) ഈ ബൂത്തില്‍ പലതവണ വോട്ടു ചെയ്യുന്നതും കാണാം. കള്ളവോട്ടു ചെയ്യുന്നതിനെ എല്‍ഡിഎഫ് ഏജന്റ് ചോദ്യം ചെയ്യുമ്പോള്‍ മുഹമ്മദ് ഫായീസും സംഘവും ഭീഷണിപ്പെടുത്തുന്നു.
യുഡിഎഫ് ബൂത്ത് ഏജന്റ് കുണ്ടപ്പന്‍ ജബ്ബാര്‍, ലീഗ് പ്രവര്‍ത്തകരായ എംഎം ഷുക്കൂര്‍, എം ഗഫൂര്‍ എന്നിവര്‍ എല്‍ഡിഎഫ് ഏജന്റിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു വോട്ട് ചെയ്തുവന്ന ആഷിഖ് ബൂത്തില്‍നിന്നു പുറത്തു പോകാതെ വീണ്ടും ക്യൂവില്‍നിന്ന് രണ്ടാമത്തെ വോട്ട് ചെയ്യുന്നു. ഈ സമയം ലീഗ് പ്രവര്‍ത്തകനായ ചൂട്ടാടെ സൈനു പുതിയൊരു സ്ലിപ്പ് കൈമാറുന്നു. ആ സ്ലിപ്പുമായി മൂന്നാമത്തെ വോട്ടും ചെയ്ത ശേഷമാണ് ആഷിഖ് പുറത്തേക്കു പോകുന്നത്.
Discussion about this post