കോഴിക്കോട്: കോഴിക്കോട് നിന്നുളള അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം. കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സാണ് തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന രണ്ടാംദിവസവും തുടരുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ ചട്ടങ്ങള്‍ പാലിക്കാതെ സര്‍വ്വീസ് നടത്തിയ 259 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. മൂന്ന് ലക്ഷത്തിഎഴുപത്തിനാലായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.
ദീര്‍ഘദൂര സ്വകാര്യ ബസ്സ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന പരിശോധനയിലാണ് നടപടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികള്‍ ബസുകളില്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ 20 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് 74 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 11 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 35000 രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ അടിക്കടിയുള്ള പരിശോധനയും പിഴ ഈടാക്കാലും ബസ് ജീവനക്കാരെയും വലയ്ക്കുന്നു.
എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. തുടര്‍ച്ചയായുള്ള പരിശോധനകളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോഴിക്കോടു നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
Discussion about this post