തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ഏപ്രില്‍ 23,30, മെയ് ഒന്ന് തീയതികളില്‍ കേരളത്തില്‍ പലയിടത്തും കര്‍ണാടക തീരത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മത്സ്യത്തൊഴിലാളികള്‍ ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതരുതെന്നും മുന്നറിയിപ്പുണ്ട് ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍മഹാസമുദ്രത്തിലാണ് ന്യൂനമര്‍ദ്ദം രൂപമെടുത്തത്. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായ ശേഷം ചുഴലിക്കാറ്റായി മാറിയേക്കാം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം കേരളത്തിലും അനുഭവപ്പെടും.
ഇപ്പോള്‍ കേരളതീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയില്‍ വലിയ തുറമുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്ക് കടല്‍കയറി. തീരത്ത് താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 19 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.