തൃശ്ശൂര്‍: കല്ലട ബസ്സിനെതിരെയുള്ള നടപടി കര്‍ശനമാക്കി സര്‍ക്കാര്‍. കല്ലടയുടെ ലൈസന്‍സില്ലാത്ത ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടു. മൂന്ന് ബുക്കിംഗ് ഓഫീസുകള്‍ക്ക് ലൈസന്‍സ് ഇല്ല.
കൂടാതെ ദീര്‍ഘദൂര ബസുകളുടെ നിയമലംഘനം തടയാന്‍ പ്രത്യേക നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി. യാത്രക്കാരെ ആക്രമിച്ചതിന് പിന്നാലെ കല്ലട ഗ്രൂപ്പിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.
മുഴുവന്‍ ബുക്കിംഗ് ഓഫീസുകളിലും മോട്ടോര്‍ വാഹന വകുപ്പ് റെയ്ഡ് നടത്തുകയാണ്. തിരുവനന്തപുരത്ത് 3 ഓഫീസുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി. നിയമ ലംഘനം നടത്തിയ 23 ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ പോലീസ് മേധാവിയോടും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിലെ പ്രതികള്‍ക്കെതിരെ വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കല്ലട ഗ്രൂപ്പിനെതിരെ സ്വകാര്യ ചാനലില്‍ പ്രതികരിച്ചതിന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് അധ്യാപിക മായാ മാധവന്‍ പോലീസില്‍ പരാതി നല്‍കി.