ചാരായത്തില്‍ തുടങ്ങി സ്‌കാനിയ വരെ: വില്ലനായി മാറിയ കല്ലട ഗ്രൂപ്പ് ബസ് സര്‍വീസ് ബിസിനസില്‍ ആധിപത്യം ഉറപ്പിച്ചതിങ്ങനെ

തൃശ്ശൂര്‍: യാത്രക്കാരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കിവിട്ടതോടെ വില്ലനായി ശ്രദ്ധനേടുകയാണ് കല്ലട ട്രാവല്‍സ്. സംഭവത്തില്‍ കല്ലട ബസ് ഗ്രൂപ്പിനെതിരെ വന്‍ രോഷമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. സംഭവത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ നിന്നായി ബസിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ബസുകള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ദ്വീര്‍ഘദൂര ബസ് സര്‍വീസുകളിലൂടെ ശ്രദ്ധേയമാണ് കല്ലട ട്രാവല്‍സ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരുമാണ് കല്ലട. ഇന്ന് വില്ലനായി മാറിയ കല്ലട ഗ്രൂപ്പിന്റെ പടിപടിയായുള്ള വളര്‍ച്ച ഇങ്ങനെ:

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള താണിശ്ശേരി എന്ന സ്ഥലത്താണ് കല്ലട ഗ്രൂപ്പിന്റെ തുടക്കം. 1975ലാണ് സുരേഷ് കല്ലടയുടെ അച്ഛന്‍ കെവി രാമകൃഷ്ണന്‍ ബിസിനസിലേക്ക് കടക്കുന്നത്. സുനില്‍ കുമാര്‍, ശൈലേഷ് കുമാര്‍, സുരേഷ് കുമാര്‍, സജീവ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിങ്ങനെ അഞ്ചുമക്കളായിരുന്നു രാമകൃഷ്ണന്‍. മൂത്ത മകനായ സുനിലിന്റെ പേരില്‍ 1975ല്‍ സുനില്‍ എന്റര്‍പ്രസൈസസ് എന്ന ബിസിനസ് സ്ഥാപനത്തില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പിന്നീട് വെളിച്ചെണ്ണ നിര്‍മ്മാണം, ജൂവലറി, ട്രാവല്‍ ആന്‍ഡ് ടൂറിസം, ടെക്സ്റ്റൈല്‍സ് എന്നീ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. എന്നാല്‍ വഴിത്തിരിവായത് അബ്കാരി ബിസിനസ്, പ്രധാന ഉത്പ്പന്നം ചാരായം. അഞ്ചു മക്കളും ബിസിനസ്സില്‍ പങ്കാളികളായി. കല്ലട സുരേഷ് എന്നറിയപ്പെടുന്ന കെആര്‍ സുരേഷ് കുമാറിന് ബസ് സര്‍വീസ് ബിസിനസില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നു.

കല്ലട ഗ്രൂപ്പിന്റെ ആദ്യ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് 1996ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ബാംഗ്ലൂരിലേക്കായിരുന്നു. കെഎസ്ആര്‍ടിസിയുടെ ചുരുക്കം ചില ബസ്സുകള്‍ മാത്രമായിരുന്നു അക്കാലത്ത് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തിയിരുന്നത്. അതിനാല്‍ തന്നെ കല്ലടയുടെ സര്‍വീസ് ലാഭകരമായി.

1996ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി ചാരായം നിരോധിച്ചു. അതോടെ കല്ലട ഗ്രൂപ്പിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം നിലച്ചു. അതോടെ ബസ് സര്‍വീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ് നടത്താന്‍ തുടങ്ങി. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓപ്പറേറ്റര്‍മാര്‍ അപ്പോഴേക്കും സജീവമായിരുന്നു. കടുത്ത മത്സരത്തെ അതിജീവിക്കാന്‍ കല്ലടയെ സഹായിച്ചത് അബ്കാരി ബിസിനസിലെ പരിചയമാണ്.

2003ല്‍ രാമകൃഷ്ണന്‍ മരിച്ചു. മക്കള്‍ക്കിടയില്‍ തര്‍ക്കമായി. അച്ഛന്റെ സ്വത്തുവകകളുടെയും ബിസിനസിന്റെയും പേരില്‍ തമ്മിലടിച്ച് കല്ലട ഗ്രൂപ്പ് രണ്ടായി പിളര്‍ന്നു. കല്ലട സുരേഷിന്റെ പേരില്‍ ഒന്നാം ഗ്രൂപ്പും മറ്റ് നാല് സഹോദരങ്ങള്‍ ഒറ്റക്കെട്ടായുള്ള കല്ലട ജി4 എന്ന രണ്ടാം ഗ്രൂപ്പുമായി മാറി. കല്ലട സുരേഷ് ബസ് സര്‍വീസില്‍ മാത്രം ശ്രദ്ധിച്ചപ്പോള്‍, അച്ഛന്റെ ബാറുകളും, ടെക്‌സ്‌റ്റൈല്‍സും മറ്റുള്ള ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ബാക്കിയുള്ള നാലു മക്കളും ചേര്‍ന്ന് നിയന്ത്രിച്ചുതുടങ്ങി.

തുടര്‍ന്ന് നിരവധി ബസ്സുകള്‍ കല്ലട ഗ്രൂപ്പ് വാങ്ങിക്കൂട്ടി. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കിടയില്‍ ശക്തമായ മേധാവിത്വം ഇന്ന് കല്ലട ഗ്രൂപ്പിനുണ്ട്. മള്‍ട്ടി ആക്‌സില്‍ വോള്‍വോകളും, എസി സ്ലീപ്പറുകളും ഉള്‍പ്പെടെ 130ലധികം ബസുകളുണ്ട് കല്ലടക്ക് നിലവില്‍. സ്‌കാനിയ ബസ്സുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ കാലത്തുതന്നെ ഒറ്റയടിക്ക് 20 സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ ബസ്സുകളാണ് സുരേഷ് കല്ലട ഗ്രൂപ്പ് തങ്ങളുടെ ഫ്ലീറ്റിലേക്ക് വാങ്ങിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം – ബെംഗളൂരു റൂട്ടില്‍ ഓടുന്ന കല്ലടയുടെ ബസ്സുകളില്‍ ഒന്ന് കേടുവന്നതിനെത്തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും തമ്മില്‍ കലഹമുണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരില്‍ രണ്ടുപേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ബസ്സില്‍ നിന്നും ഇറക്കി വിടുകയും ചെയ്തത് വിവാദമായതോടെയാണ് കല്ലട ഗ്രൂപ്പും, സുരേഷ് കല്ലടയും ചര്‍ച്ചയ്ക്ക് വിഷയമാവുന്നത്.

കല്ലട ബസിലുണ്ടായത് മൃഗീയ മര്‍ദനമെന്ന് ആക്രമണത്തിനിരയായ അജയഘോഷ് പറഞ്ഞു. കൊന്ന് കളയണമെന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ ബസ് ജീവനക്കാര്‍ റോഡില്‍ ഓടിച്ചിട്ട് അടിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയായെന്നും അജയഘോഷ് പറഞ്ഞു. ബിയര്‍ കുപ്പികള്‍ കൊണ്ടും കരിങ്കല്ലുകൊണ്ടും തലക്കടിച്ചു. ബസ് കമ്പനിക്കാര്‍ പിന്‍തുടര്‍ന്ന് എത്തിയതിനാല്‍ ആശുപത്രിയില്‍ പോകാന്‍ പോലും കഴിയാതെ ജീവനും കൊണ്ട് രക്ഷപെടുകയായിരുന്നു.

യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച ദുരനുഭവം വാര്‍ത്തയായതോടെയാണ് പോലീസ് കര്‍ശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിന്‍, ഗിരിലാല്‍ എന്നിവര്‍ക്കെതിരെ സംഘം ചേര്‍ന്ന മര്‍ദ്ദിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു. വൈറ്റിലയില്‍ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂര്‍ സ്വദേശിയെയും മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് ഇയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് നടപടി തുടങ്ങിയത്. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ അറിയിച്ചു.

Exit mobile version