തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നര മാസത്തെ ആവേശം നിറഞ്ഞ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്.
അതേസമയം കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായി. വടകരയില്‍ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് ദിവസം വടകര നിയോജകമണ്ഡലത്തില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തിനായി റോഡ് ഷോ നടത്തിയ എകെ ആന്റണിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
മാധവപുരത്ത് വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി കാല്‍നടയായാണ് ആന്റണിയും ശശി തരൂരും സഞ്ചരിച്ചത്.
തിരുവല്ലയില്‍ എന്‍ഡിഎ-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും എറണാകുളം പാലാരിവട്ടത്ത് എല്‍ഡിഎഫ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.
കാസര്‍ഗോഡ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തൊടുപുഴയിലും സംഘര്‍ഷമുണ്ടായി.
പത്തനംതിട്ടയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
മലപ്പുറം പൊന്നാനിയിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. മലപ്പുറം പുത്തനത്താണിയില്‍ വിലക്ക് ലംഘിച്ച് പ്രവര്‍ത്തകര്‍ കലാശക്കൊട്ട് നടത്തിയത് പൊലീസുമായി വാക്കേറ്റത്തിനിടയാക്കി. പൊന്നാനിയില്‍ പിവി അന്‍വറിന്റെ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
തിരുവല്ലയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. മൂന്നുണിയോടെ തുടങ്ങിയ സംഘര്‍ഷം ഒന്നര മണിക്കൂറിലേറെ നീണ്ടു. തുടര്‍ന്ന് പോലീസ് ലാത്തിവീശി. കലാശക്കൊട്ടിന് പ്രചാരണ വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ വാഹനങ്ങളും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വടകരയില്‍ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരസ്പരം കല്ലേറിഞ്ഞ പ്രവര്‍ത്തകര്‍ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. കല്ലേറില്‍ ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംഘര്‍സാധ്യത കണക്കിലെടുത്ത് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ മേഖലകളില്‍ വോട്ടെടുപ്പ് ദിവസം വൈകിട്ട് ആറുമുതല്‍ ബുധനാഴ്ച രാത്രി പത്തുമണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തൊടുപുഴയില്‍ യുഡിഎഫിന് അനുവദിച്ച മേഖലയിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയറിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. നെടുങ്കണ്ടത്തും യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.